സിപിഎം ജില്ലാ സമ്മേളനം നാളെ മുതൽ കോന്നിയിൽ
1490172
Friday, December 27, 2024 4:35 AM IST
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം നാളെ മുതൽ കോന്നി വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ (സീതാറാം യെച്ചൂരി നഗർ) നടക്കും. സമ്മേളനത്തിനു മുന്നോടിയായ പതാക, കൊടിമരം, ദീപശിഖ തുടങ്ങിയ ജാഥകൾ വിവിധ കേന്ദ്രങ്ങളിൽനിന്നാരംഭിച്ച് വൈകുന്നേരം കോന്നിയിലെത്തിച്ചേരുന്നതോടെ പതാക ഉയരുമെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു വൈകുന്നേരം നാലിന് വിവിധ ജാഥകൾ കോന്നി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഗമിക്കും. തുടർന്ന് പൊതുസമ്മേളന നഗറായ കോന്നി കെഎസ്ആർടിസി കോർണറിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ പി.ജെ. അജയകുമാർ പതാക ഉയർത്തും. നാളെ രാവിലെ ഒന്‍പതിന് മേരിമാതാ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ സമ്മേളനത്തിൽ 263 പ്രതിനിധികൾ പങ്കെടുക്കും.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ബാലൻ, കെ. രാധാകൃഷ്ണൻ എംപി, മന്ത്രി കെ.എൻ. ബാലഗോപാൽ, പി. സതീദേവി, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.കെ. ജയചന്ദ്രൻ, മന്ത്രി വി.എൻ. വാസവൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പ്രസംഗിക്കും. ആദ്യദിവസം ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനു പിന്നാലെ ഗ്രൂപ്പ് ചർച്ചകളും പൊതുചർച്ചയും ആരംഭിക്കും. 29നും ചർച്ച തുടരും. വൈകുന്നേരം മറുപടികളുണ്ടാകും.
30ന് രാവിലെ ഒന്‍പതിനാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്. തുടർന്ന് പ്രമേയങ്ങൾ അംഗീകരിക്കും.വൈകുന്നേരം നാലിന് ചുവപ്പുസേന മാർച്ച്, ബഹുജന പ്രകടനം എന്നിവ സമ്മേളന നഗറിലേക്ക് ആരംഭിക്കും.
പോലീസ് സ്റ്റേഷൻ റോഡ്, ആനക്കൂട്, എലിയറയ്ക്കൽ ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽനിന്നാണ് പ്രകടനം ആരംഭിക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 1,566 ബ്രാഞ്ച് , 113 ലോക്കൽ, 11 ഏരിയ സമ്മേളനങ്ങൾ പൂര്‍ത്തിയാക്കിയശേഷമാണ് ജില്ലാ സമ്മേളനം. കഴിഞ്ഞ മൂന്നുവർഷത്തെ കാലയളവിൽ ജില്ലയിൽ പാർട്ടിയുടെ ബഹുജന അടിത്തറ നല്ല രീതിയിൽ വിപുലപ്പെടുത്താൻ സാധിച്ചതായി ജില്ലാ സെക്രട്ടറി പറഞ്ഞു.
അഞ്ച് മണ്ഡലങ്ങളിലെയും എല്‍ഡിഎഫ് എംഎല്‍എമാരുടെയും വിവിധ തദ്ദേശ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മുമ്പൊരുകാലത്തും ഉണ്ടാകാത്തവിധത്തില്‍ വികസന പ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്വാഗത സംഘം ചെയർമാൻ പി.ജെ. അജയകുമാർ, കൺവീനർ ശ്യാംലാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.