കരോൾ സംഘത്തിനു നേരേയുള്ള ആക്രമണം: കർശന നടപടി വേണമെന്ന് എംപി
1490179
Friday, December 27, 2024 4:35 AM IST
കുമ്പനാട്: കരോൾ സംഘത്തിനു നേരേ നടന്ന ആക്രമണം മാപ്പർഹിക്കാത്തതാണെന്ന് ആന്റോ ആന്റണി എംപി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കരോൾ സംഘത്തെയാണ് അതിക്രൂരമായി മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചത്. പതിനഞ്ചോളംവരുന്ന സംഘമാണ് അഴിഞ്ഞാടിയത്. ഇവരിൽ നാലുപേരേ മാത്രമാണ് അറസ്റ്റു ചെയ്തത്. സംഘത്തിലുള്ള മറ്റുള്ളവരെക്കൂടി ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്നും എംപി പറഞ്ഞു.
നാട്ടിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കും സ്വൈര്യമായി വഴി നടക്കാൻ കഴിയാത്തവിധം ഇവരുടെ അതിക്രമങ്ങൾ പടരുമ്പോൾ കൈയുംകെട്ടി നോക്കി നിൽക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകുന്നതെന്നും ഇതിന്റെ പരിണിത ഫലമാണ് കുന്പനാട്ട് കണ്ടെതെന്നും ആന്റോ കുറ്റപ്പെടുത്തി.
ആക്രമണത്തെ അപലപിച്ച് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കുമ്പനാട് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമവും ഐക്യദാർഢ്യ കരോൾ സർവീസും ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, പാസ്റ്റർ തോമസ് എം. പുളിവേലിൽ, പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ബിനോയി ചാക്കോ എന്നിവർ ഐക്യദാർഢ്യ കരോൾ സർവീസിൽ പങ്കെടുത്തു.