കരോള്‍ സംഘത്തിനുനേരേ ആക്രമണം: കുറ്റവാളികളെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്ന് തിരുവഞ്ചൂര്‍
1490165
Friday, December 27, 2024 4:23 AM IST
കുമ്പനാട്: ക്രിസ്മസ് കരോള്‍ സംഘത്തെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തില്‍ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളക്കഥ പോലീസ് മെനഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മുന്‍മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ആക്രമണത്തിനിരയായവരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ പ്രതികളെയും പിടികൂടി കര്‍ശനമായ നടപടി സ്വീകരിക്കേണ്ട സ്ഥാനത്ത് വിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് വരുത്തിത്തീര്‍ത്ത് അക്രമ സംഭവത്തെ ലഘൂകരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാരകായുധമായി വന്ന് മര്‍ദനം നടത്തിയവര്‍ക്ക് സഭയുമായി ഏതെങ്കിലും ബന്ധമോ സഭയില്പ്പെട്ടവരുമായി ഏതെങ്കിലും തര്‍ക്കമോ ഉണ്ടായിട്ടില്ല. എന്നിട്ടും രണ്ട് സഭാവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നാണ് പോലീസ് ഭാക്ഷ്യം.
ഇത് ഭരണ നേതൃത്തിന്റെ നിര്‍ദേശപ്രകാരം പോലീസ് ചമയ്ക്കുന്ന കഥയാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധവും മുന്‍കാല ചരിത്രവും എല്ലാവര്ക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് സ്ത്രീകളെയും കുട്ടികളെയും അടക്കമുള്ളവരെ ക്രൂരമായി മര്‍ദിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തിട്ടും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ ഭരണ നേതൃത്വവും പോലീസും ഒരുമ്പെട്ടിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന്മാരായ ജോസഫ് എം പുതുശേരി എക്സ് എംഎല്‍എ, ജോണ്‍ കെ മാത്യൂസ്, മാര്‍ത്തോമ്മ സഭ നിരണം മാരാമണ്‍ ഭദ്രാസന അസംബ്ലി അംഗം സുബിന് നീറുംപ്ലാക്കല്‍, കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് ജോസഫ് വര്‍ഗീസ് എന്നിവര്‍ക്കൊപ്പമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കുമ്പനാട്ട് എക്സോഡസ് റിവൈവല്‍ ചര്‍ച്ച് ആസ്ഥാനത്ത് എത്തിയത്.