കുന്പനാട്ട് കരോൾ സംഘത്തിനു നേരേ ആക്രമണം; മദ്യപസംഘമെന്ന് പോലീസ്
1490176
Friday, December 27, 2024 4:35 AM IST
കോഴഞ്ചേരി: കുന്പനാട്ട് ക്രിസ്മസ് തലേന്നു രാത്രി കരോൾ സംഘത്തിനു നേരേ നടന്ന ആക്രമണത്തിനു പിന്നിൽ മദ്യപസംഘമെന്ന് പോലീസ്. സംഭവത്തിൽ സ്ത്രീകളടക്കം കരോൾ സംഘാംഗങ്ങൾക്കു പരിക്കേറ്റിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് കുമ്പനാട് - കടപ്ര ചിറയില്‍ കുറ്റിയില്‍ പുറമറ്റം മുണ്ടമല ചുട്ടിപ്പാറയിൽ ഷെറിൻ (28), പുറമറ്റം മുണ്ടമല മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30), കടപ്ര ചെമ്പകശേരിപ്പടി ചിറയിൽ കുറ്റിയിൽ അനന്തു (25), കടപ്ര ചെമ്പകശേരിപ്പടി ചിറയിൽ കുറ്റിയിൽ അജിൻ (20) എന്നിവരെ ബുധനാഴ്ചതന്നെ കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു.
ഇവർ റിമാൻഡിലാണ്. കുമ്പനാട് - ആറാട്ടുപുഴ റോഡിലുള്ള എക്സോഡസ് റിവൈവല്‍ ചര്‍ച്ചിലെ അംഗങ്ങളെയാണ് ചൊവ്വാഴ്ച രാത്രി ആക്രമിച്ചത്. കരോൾ സംഘം കുമ്പനാട്ട് തങ്ങളുടെ സഭാംഗം ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോൾ, ബേക്ക് വേൾഡ് എന്ന പേരിലുള്ള ബേക്കറിയുടെ മുൻവശത്തു പതിനഞ്ചോളം വരുന്ന സംഘം ആക്രമിച്ചുവെന്നാണ് പരാതി.
കാറിന്റെ ഹെഡ് ലൈറ്റ് ഡിം അടിച്ചില്ല എന്നതു സംബന്ധിച്ച് കരോൾ സംഘത്തിലെ മിഥിനുമായി അക്രമികൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രശ്നം സംസാരിച്ച് പരിഹരിക്കുകയും ചെയ്തതാണ്. പിന്നീടു കരോൾ നടത്തുന്നതിനായി ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ, കരോൾ സംഘത്തിലെ ഏറ്റവും പിന്നിൽ ഉണ്ടായിരുന്ന ആളുകളുമായി ബഹളം ഉണ്ടാക്കുന്നത് കേട്ട്, കാര്യം അന്വേഷിച്ചെത്തിയ മിഥിനെ, ഷെറിൻ മരക്കഷണംകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിതടഞ്ഞപ്പോൾ മിഥിന്റെ വലതു കൈയുടെ വിരലിന് പരിക്കേറ്റു.
തുടർന്ന് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കരോൾ സംഘത്തിലെ ഏബ്രഹാം ജോർജ്, ഭാര്യ ഷൈനി ജോർജ് എന്നിവർക്കും മർദനമേറ്റു. ഷൈനി ജോർജിനെ ഇവർ കൈയേറ്റം ചെയ്തു. തടസം പിടിച്ച ജോൺസൺ എന്നയാൾക്കും മർദനമേറ്റു. തുടർന്ന്, കരോൾ സംഘത്തിലെ അംഗങ്ങൾ വീടുകളിലേക്ക് ഭയന്ന് ഓടിക്കയറിയപ്പോൾ, പ്രതികൾ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്തുനിന്നിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
വടിവാള്‍, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഉപദ്രവിക്കരുതെന്ന് കരോള്‍ സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ കരഞ്ഞുപറഞ്ഞിട്ടും വിറകും മറ്റും ഉപയോഗിച്ച് നിഷ്ഠൂരമയി ഉപദ്രവിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ റോണി കൊച്ചുപ്ലാമൂട്ടില്‍ പറഞ്ഞു.
മിഥിന്റെ പരാതിപ്രകാരം കേസെടുത്ത കോയിപ്രം പോലീസ്, പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കുകയും, നാലു പ്രതികളെ വീടുകളുടെ സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തിരുവല്ല ഡിവൈഎസ്പി എസ്. ആഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്രം പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ഐ ജി. ഗോപകുമാർ , ഗ്രേഡ് എസ്ഐ ഷൈജു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളും ഇല്ലെന്ന് കോയിപ്രം പോലീസ് പറഞ്ഞു.
മദ്യപിച്ച് കുമ്പനാട് ജംഗ്ഷനില്നിന്നിരുന്ന സംഘാംഗങ്ങളുടെ മുഖത്തേക്ക് കരോള്‍ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പ്രകാശം അടിച്ചതും പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് അക്രമത്തിനുകാരണമെന്നു പറയുന്നു.
കുമ്പനാട് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു
കുമ്പനാടും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുകയാണ്. സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യാനുള്ള യാതൊരു നടപടിയും കോയിപ്രം പോലീസില്‍നിന്ന് ഉണ്ടായിട്ടില്ലെന്നതിനാലാണ് ക്രിസ്മസ് തലേന്നു രാത്രി കരോൾസംഘത്തിനു നേരെ ആക്രമണമുണ്ടാകാൻ കാരണം.
വിദേശ മലയാളികളുടെ വീടുകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങളും ഏറെയുള്ള കുമ്പനാട് പൊതുവേ സമാധാനമേഖലയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ലഹരി മാഫിയ, ചീട്ടുകളി സംഘങ്ങൾ തങ്ങളുടെ വിഹാര കേന്ദ്രമായി കുന്പനാടിനെ മാറ്റിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഗുണ്ടാപ്പിരിവ് വാങ്ങുന്നതായി പരാതിയുണ്ട്. കഴിഞ്ഞയിടെ കുമ്പനാട് കല്ലുമാലിപ്പടിക്കല് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘട്ടനം നടന്നിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വ്യാപക പ്രതിഷേധം
കുന്പനാട്ട് കരോൾ സംഘത്തിനു നേരേ നടന്ന ആക്രമണങ്ങളിൽ വ്യാപക പ്രതിഷേധം.
പോലീസിന്റെ നിഷ്ക്രിയത്വംകൊണ്ടാണ് സാമൂഹ്യവിരുദ്ധര്‍ കുമ്പനാടും മറ്റും അഴിഞ്ഞാട്ടം നടത്തുന്നതെന്നും ഇവരെ സംരക്ഷിക്കുന്നതില്‍ ഭരണകക്ഷിക്ക് പങ്കുണ്ടെന്നും ഡിസിസി ജനറൽ സെക്രട്ടറി ഷാം കുരുവിള പറഞ്ഞു.
കരോള്‍ സംഘത്തിനു നേരിടേണ്ടിവന്ന അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുമ്പനാട് കരോള്‍ സർവീസും പ്രതിഷേധയോഗവും നടന്നു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പ്രതിഷേധയോഗം ഉദഘാടനം ചെയ്തു.