കൗമാരക്കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ
1490163
Friday, December 27, 2024 4:23 AM IST
പത്തനംതിട്ട: കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെണ്മണി സ്വദേശി തൊട്ടലിൽ വീട്ടിൽ ശരണാണ് (20) പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പന്തളം സ്വദേശിനിയായ പതിനേഴുകാരിയെ കഴിഞ്ഞ 19ന് വീട്ടിലേക്ക് പോകുമ്പോൾ വശീകരിച്ച് ഇയാൾ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി.
തുടർന്ന്, പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ നമ്പരിന്റെ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.
പോലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള മുളമ്പള്ളിവയൽ പ്രദേശത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് കുട്ടിയെ എത്തിക്കുകയായിരുന്നു. കുട്ടിയെ ലൈംഗികപീഡനത്തിനു വിധേയമക്കുകയും, പടനിലത്തുള്ള സുഹൃത്ത് എത്തിച്ച ഭക്ഷണസാധനങ്ങൾ കഴിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി അവിടെ കഴിയുകയായിരുന്നു. ഇടയ്ക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും പോലീസ് അവിടെ എത്തിയതറിഞ്ഞ് അച്ചൻകോവിലാറ്റിന്റെ തീരത്ത് കാട് വളർന്നുനിൽക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നു.
പോലീസ് കാട്ടിനുള്ളിൽ തെരയുന്നതിനിടെ തിട്ട ഇടിഞ്ഞ് അച്ചൻകോവിലാറ്റിൽ വീഴുകയും ചെയ്തു. അവിടെനിന്ന് നീന്തിക്കയറി കാട്ടിലെ ആഞ്ഞിലി മരത്തിന് മുകളിൽ കയറി പതുങ്ങിയിരുന്നു. പോലീസിന്റെ ശ്രദ്ധതിരിച്ചശേഷം വീണ്ടും ഇയാൾ കാട്ടിലേക്ക് രക്ഷപ്പെട്ടു. യുവാവിനെ പിടികൂടുന്നതിലേക്ക് 12 അംഗ അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
പ്രദേശവാസികളുടെ സഹകരണത്തോടെ കാട്ടിൽകയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്താൻ സാധിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.