കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോ - ഇരട്ടവള്ളക്കടവ് പാത വെട്ടിപൊളിക്കാൻ കരാറുകാരെത്തി ; നാട്ടുകാർ തടഞ്ഞു
1542702
Monday, April 14, 2025 5:58 AM IST
കുളത്തൂപ്പുഴ: ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പാത വെട്ടിപൊളിക്കാനുള്ള വാട്ടര്‍ അഥോറിറ്റി കരാറുകാരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. തകര്‍ന്നടിഞ്ഞ് കാല്‍നട യാത്ര പോലും ദുഷ്കരമായി മാറിയ കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോ - ഇരട്ടവള്ളക്കടവ് പാത ഏതാനും ദിവസം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത്.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാവിലെ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കരാറുകാരും ജോലിക്കാരും ടാര്‍ വെട്ടിപൊളിച്ച് പാതയ്ക്കു കുറുകെ കുടിവെള്ള പൈപ്പ് ഇടുന്നതിനൂ ശ്രമിക്കവേയാണ് പ്രതിഷേധവുമായി നാട്ടുകാരെത്തുന്നത്.
ഉയരത്തിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയിലേക്ക് താഴ്ചയില്‍ നിന്നും ടാര്‍ ചെയ്തു ചേർത്തിരിക്കുന്ന ഭാഗം കുറുകെ ചാല് കീറി കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്.
മുന്‍ കാലങ്ങളില്‍ ജല്‍ജീവന്‍ മിഷന് പദ്ധതി പ്രകാരം സൗജന്യമായി കുടിവെള്ള കണക്ഷന് നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലാകമാനം ടാര്‍ റോഡുകള്‍ വെട്ടിപൊളിച്ച് പൈപ്പുകളിട്ട് കരാറുകാര്‍ തുകയും മാറി പോയതല്ലാതെ വെട്ടിപൊളിച്ച റോഡ് ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചിട്ടില്ല.
ഇത് മൂലം നിരന്തരം വാഹനങ്ങള്‍കടന്നു പോകുന്ന പലയിടത്തും റോഡിനു കുറുകെ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ കുളത്തൂപ്പുഴ പോലീസിനെ ബന്ധപ്പെടുകയും പോലീസെത്തി നാട്ടുകാരുമായി സംസാരിച്ച് പാത കോണ്‍ക്രീറ്റ് ചെയ്തു പൂര്‍വസ്ഥിതിയിലാക്കാമെന്ന് ഉറപ്പ് നൽകുകയും ശേഷമാണ് പ്രതിഷേധമവസാനിപ്പിച്ച് നാട്ടുകാര്‍ മടങ്ങിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും പ്രദേശവാസിയുമായ അബ്ദുല്‍ വഹാബ്, രാജേന്ദ്രന് തുടങ്ങിയവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്കി.