ആഴക്കടല്‍ ഖനനവുമായി സർക്കാർ മുന്നോട്ട് ; ഓഫ്ഷോര്‍ ഏരിയ മിനറല്‍ ട്രസ്റ്റ് രൂപീകരിക്കുന്നു
1542362
Sunday, April 13, 2025 6:11 AM IST
കൊല്ലം: ആഴക്കടല്‍ ഖനന നടപടികളുടെ ഭാഗമായി കേന്ദ്രസർക്കാർ ഓഫ്ഷോര്‍ ഏരിയ മിനറല്‍ ട്രസ്റ്റ് രൂപീകരിക്കുന്നു. ഖനനം ലക്ഷ്യമിടുന്ന തീരദേശ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയാണ് ഓഫ്ഷോര്‍ ഏരിയ മിനറല്‍ ട്രസ്റ്റ് രൂപീകരിക്കുന്നത്. ആഴക്കടല്‍ ഖനനം പിന്‍വലിക്കണമെന്നും കൊല്ലം പരപ്പ് സംരക്ഷിക്കണമെന്നും ലോകസഭയില്‍ ശൂന്യവേളയില്‍ എൻ.കെ. പ്രേമചന്ദ്രന് എംപി ഉന്നയിച്ച സബ്മിഷന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ജി. കിഷന് റെഡ്ഡി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഓഫ്ഷോര്‍ ഏരിയ മിനറല്‍ ട്രസ്റ്റിന്റെ ഗവേണിംഗ് ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തീരദേശ സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തും. പര്യവേഷണവും ഖനനവും മൂലമുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെയും ആഘാതങ്ങളെയും ദുരന്തങ്ങളെയും നേരിടുന്നതിനും ദുരന്തങ്ങള്‍ മൂലം വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനും, ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതിനും ഓഫ്ഷോര്‍ ഏരിയ മിനറല്‍ ട്രസ്റ്റിന് ലഭിക്കുന്ന ഫണ്ടുകള്‍ വിനിയോഗിക്കും.
ആഴക്കടല്‍ ഖനന നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പായി ടെണ്ടര്‍ എടുക്കുന്നവര്‍ നിയമാനുസൃതമായ എല്ലാ അനുമതികളും നിരാക്ഷേപ പത്രങ്ങളും ബന്ധപ്പെട്ട എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും വാങ്ങിയിരിക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ജി. കിഷന് റെഡ്ഡി പ്രേമചന്ദ്രൻ എം പിക്ക് നൽകിയ മറുപടിയിൽ പറഞ്ഞിട്ടുണ്ട്.
ഖനനം ആരംഭിക്കുന്നതിനു മുമ്പ് പര്യവേഷണത്തിനും ഉല്‍പ്പാദനത്തിനും മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുളള മാസ്റ്റര്‍ പ്ലാന്‍ രൂപപ്പെടുത്തുമെന്നും പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും പരിസ്ഥിതി ആഘാത ലഘൂകരണത്തിനും ആവശ്യമായ അടിസ്ഥാന വിവരങ്ങളും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കൊല്ലം തുറമുഖത്തില്‍ നിന്നും 27 മുതല്‍ 33 മീറ്റര്‍ ദൂരം കഴിഞ്ഞ് ഏകദേശം 48 മീറ്റര്‍ മുതല്‍ 65 മീറ്റര്‍ വരെ ആഴത്തില്‍ മൂന്ന് ബ്ലോക്കുകള്‍ ഖനനം ചെയ്യുവാനുളള ടെണ്ടർ ആണ് ഇപ്പോൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ അധികാരപരിധിക്കുളളില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധി കഴിഞ്ഞാണ് ഖനനത്തിനുളള ടെണ്ടര്‍ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കൊല്ലം പരപ്പ് ആയി നിര്‍വ്വചിച്ചിട്ടുളള മത്സ്യ സമൃദ്ധമായ കടല്‍ ഒഴിവാക്കിയാണ് ഖനനമെന്നും 275 മീറ്റര്‍ മുതല്‍ 370 മീറ്റര്‍ വരെ അഴത്തിലുളള കടല്‍ ഒഴിവാക്കിയാണ് മണല്‍ ഖനനത്തിനായി നിശ്ചയിച്ചിട്ടുളളതെന്നുമാണ് ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രി നൽകിയിട്ടുള്ള വിശദീകരണം.
അറബികടലിലെ 79 ചതുരശ്ര കിലോമീറ്റര്‍ ആഴക്കടലില്‍ നിന്നും 100.33 ദശലക്ഷം ടണ്‍ മണല്‍ ഖനനം നടത്തുന്നതാണ് കൊല്ലത്തെ ബ്ലോക്ക് ഒന്ന്. 78 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ 100.64 ദശലക്ഷം ടണ്‍ മണല്‍ ഖനനം നടത്തുന്നതാണ് ബ്ലോക്ക് രണ്ട്. 85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ 101.45 ദശലക്ഷം ടണ്‍ മണല്‍ ഖനനം നടത്തുന്നതാണ് മൂന്നാമത്തെ ബ്ലോക്ക്. ഖനനാനുമതി നല്‍കുന്നതിന് മുമ്പ് ഫിഷറീസ് വകുപ്പ്, വനവും പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും വകുപ്പ് എന്നീ വകുപ്പുകളുടെ നിരാക്ഷേപ പത്രം വാങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര മന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞിട്ടുള്ളത്.
മത്സ്യതൊഴിലാളികളുടെയും ആവാസവ്യവസ്ഥയുടെയും ജൈവവൈവിദ്ധ്യത്തിന്റെയും സംരക്ഷണം ഉറപ്പാക്കാന്‍ നിയമത്തില്‍ സുവ്യക്തമായ വ്യവസ്ഥയുണ്ടെന്നും, ഖനനവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പായി ഉല്പ്പാദനത്തിനുളള കൃത്യമായ ആസൂത്രണം നടത്തി സംവിധാനം സജ്ജമാക്കുമെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
സമുദ്രത്തിലെ വിവിധയിനം ജന്തുജാലകളുടെ സംരക്ഷണത്തിനായി വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരദേശത്തിലേയും ദ്വീപുകളിലേയും മത്സ്യ തൊഴിലാളികളുടെ സംരക്ഷണത്തിനായി 130 പ്രദേശങ്ങളെ സമുദ്ര സംരക്ഷണ മേഖലകളായും, 106 പ്രദേശങ്ങളെയും കടലിനെയും ഉള്‍പ്പെടുത്തി പ്രധാന തീരദേശ കടല്‍ പാരിസ്ഥിതിക പ്രദേശങ്ങളായും വിജ്ഞാപനം ചെയ്തിരിക്കുകയാണ്.
ഈ പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് ഖനനത്തിനായി ബ്ലോക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആഴക്കടല്‍ മണല്‍ ഖനനത്തിനായി 13 ബ്ലോക്കുകളിലായി പര്യവേഷണത്തിനും ഖനനത്തിനും സംയുക്ത അനുമതി നല്‍കുന്നതിനുളള ആദ്യ ഘട്ട ലേല നടപടികള്‍ പോയ വർഷം നവംബർ 28 നാണ് കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്.