ഭക്തിസാന്ദ്രമായി ഓശാന ഞായർ ആചരണം
1542688
Monday, April 14, 2025 5:50 AM IST
കൊല്ലം : സാർവത്രിക സഭയോടൊപ്പം വിശ്വാസ സമൂഹവും ഓശാന ഞായറാചരണത്തിൽ പങ്കു ചേർന്നു. തങ്കശേരി ബിഷപ് ഹൗസിൽ നിന്നും ആരംഭിച്ച ആഘോഷമായ ഓശാന പ്രദക്ഷിണം ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചേർന്നു.
തുടർന്ന് തിരുകർമങ്ങൾക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു. ഡോ. ജെറി ഐസക്, ഫാ. ക്രിസ്റ്റഫർ ഹെൻട്രി, ഫാ. പ്രേം ഹെൻട്രി എന്നിവർ ദിവ്യബലിക്ക് സഹകാർമികത്വം വഹിച്ചു.
ചവറ: ഇന്നലെ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കമായി. കുരുത്തോല ആശീർവാദവും പ്രദക്ഷിണവും ദിവ്യബലിയും നടന്നു. ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നടന്ന തിരുകർമങ്ങൾക്ക് ഫാ. മിൽട്ടൺ ജോർജ് , ഫാ. നിഥിൻ ഫ്രാൻസി, ഫാ. ജെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
തേവലക്കര കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തിലെ ഓശാന പ്രദിക്ഷണത്തിന് ഇടവക വികാരി ഫാ. ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകി.
കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖല യിലെ വിവിധ ദേവാലയങ്ങളായ കുളത്തൂപ്പുഴ സെന്റ് പോൾ സിഎസ്ഐ പള്ളി, ശാലേം മാർത്തോമാ പള്ളി, സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, റോമൻ കത്തോലിക്കാ പള്ളി, മലങ്കര കത്തോലിക്കാ പള്ളി, സെന്റ് സെബാസ്റ്റ്യൻ പള്ളി, ആര്യങ്കാവിലെ വിവിധ ദേവാലയങ്ങളിലും ഇടപ്പാളയം എന്നീ പ്രദേശങ്ങളിലെ വിശ്വാസികൾ പള്ളികളിൽ ഓശാന ഞായർ ആചരിച്ചു.
കരുനാഗപ്പള്ളി: തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഓശാന പെരുന്നാൾ ആചരിച്ചു. സമാധാനത്തിന്റെയും രക്ഷയുടെയും വിനയത്തിന്റെയും സന്ദേശമാണ് ക്രിസ്തു നമുക്ക് നൽകുന്ന സന്ദേശമെന്ന് മുഖ്യകാർമികത്വം വഹിച്ച റവ.ജോൺ പണിക്കർ കോർ എപ്പിസ്കോപ്പ പറഞ്ഞു.
ഇടവക വികാരി ഫാ. ജോൺ സ്ലീബാ മുഖത്തല സഹകാർമികത്വം വഹിച്ചു. കുരുത്തോലകൾ ഏന്തിയും പൂക്കൾ വിതറിയും വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു.