ടി.കെ.ദിവാകരന് സ്മാരക പാര്‍ക്ക് റെസ്റ്റോറന്റ് ആരംഭിക്കാന്‍ കരാര്‍ നല്‍കിയത് അന്വേഷിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി
1542379
Sunday, April 13, 2025 6:23 AM IST
കൊല്ലം: ടി.കെ. ദിവാകരന് സ്മാരക പാര്‍ക്ക് റെസ്റ്റോറന്റ് ആരംഭിക്കാന്‍ കരാര്‍ നല്കിയ കൊല്ലം നഗരസഭാധികൃതരുടെ നടപടിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. ടി.കെ. ദിവാകരന് സ്മാരക പാര്‍ക്കിലെത്തി നിജസ്ഥിതി വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു എംപി.
കൊല്ലത്തിന്റെ വികസനോന്മുഖ പ്രക്രിയയില്‍ നിസ്തൂല സംഭാവന നല്കിയ ടി.കെ. ദിവാകരന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സ്ഥലമാണ് പ്രതിദിനം 288 രൂപ വാടകയ്ക്ക് ഹോട്ടല്‍ വ്യാപാരം നടത്താന്‍ കൊല്ലം കോര്പറേഷന് കരാര്‍ നല്‍കിയത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള സ്മാരക പാര്‍ക്കും വയോജന പാര്‍ക്കും ടി.കെ. സ്മാരക പാര്‍ക്കും ചേര്‍ത്താണ് വ്യാപാരാവശ്യത്തിനായി മൂന്നു വര്‍ഷത്തേക്ക് പാട്ടക്കരാര്‍ നല്‍കിയിട്ടുള്ളത്.
സാമ്പത്തിക ലാഭത്തിനായി ചരിത്ര പുരുഷന്മാരെപ്പോലും തമസ്കരിക്കുന്ന കൊല്ലം കോര്‍പറേഷന്റെ നടപടി നാടിനാകെ അപമാനമാണെന്നും പ്രേമചന്ദ്രന് പറഞ്ഞു. കോര്പറേഷന് നല്‍കിയിട്ടുള്ള കരാര്‍ നിയമങ്ങളുടെയും ചട്ടങ്ങളുടേയും നഗ്നമായ ലംഘനമാണെന്ന് എം പി കുറ്റപ്പെടുത്തി.ടി.കെ. ദിവാകരന് സ്മാരക പാര്‍ക്കില്‍ കോര്പ്പറേഷന് യാതൊരു വിധ ഉടമസ്ഥാവകാശവുമില്ലെന്നിരിക്കെ ഏത് വ്യവസ്ഥയിലാണ് പാര്‍ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയതെന്ന് കോര്പ്പറേഷന് അധികൃതര്‍ വിശദീകരിക്കണം.
ഈ നടപടികളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.എംപി യോടൊപ്പം ആര്‍എസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാല്‍, യുറ്റിയുസി സംസ്ഥാന സെക്രട്ടറി റ്റി.സി. വിജയന്, യുറ്റിയുസി ജില്ലാ സെക്രട്ടറി റ്റി.കെ. സുല്‍ഫി, പ്രസിഡന്റ് ഇടവനശേരി സുരേന്ദ്രന്, ആര്. സുനില്‍ എന്നിവരുണ്ടായിരുന്നു.