ജില്ല ദുരന്തനിവാരണത്തിന് സുസജ്ജം : കളക്ടര്‍ എൻ.ദേവിദാസ്
1542074
Saturday, April 12, 2025 6:17 AM IST
കൊല്ലം : ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്.
മണ്ണിടിച്ചിലും ചുഴലിക്കാറ്റും വാതകചോര്‍ച്ചയും ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനം മോക്ഡ്രില്‍ നടത്തി പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമാക്കിയത്.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പാരിപ്പള്ളിയിലും തെന്മലയിലുമായി മോക് ഡ്രില്‍ ഒരുക്കിയത്. മണിക്കൂറില്‍ 60 മുതല്‍ 91 വരെ കിലോമീറ്റര്‍ വേഗത്തിലുള്ള അതിതീവ്ര ചുഴലിക്കാറ്റ് സംഭവിച്ചാല്‍ ദുരന്തനിവാരണ-പ്രതികരണ സേനകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയുമെല്ലാം കൂട്ടിയിണക്കി എങ്ങനെ നേരിടുമെന്നതിന്റെ മാതൃകയാണ് മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്.
ശക്തമായ കാറ്റിലും മഴയിലും തെന്മല നാഗമല എസ്റ്റേറ്റിന് സമീപം വീടുകള്‍ തകരുന്നതും മരങ്ങള്‍ വീഴുന്നതും മണ്ണിടിച്ചിലുണ്ടാകുന്നതുമായിരുന്നു രണ്ടാമത്തെ മോക്ഡ്രില്ലില്‍. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ആശയവിനിമയ ഉപാധികളുടെ അഭാവത്തില്‍ ഹാം റേഡിയോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം കളക്ടറേറ്റില്‍ സജ്ജമാക്കിയ കണ്ട്രോള് റൂമിലൂടെ നിര്‍വഹിച്ചാണ് മോക്ഡ്രില്‍ പൂര്‍ത്തിയാക്കിയത്.