ദേശീയപാതയിൽ വെള്ളക്കട്ട് : ചാത്തന്നൂരിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടു
1542380
Sunday, April 13, 2025 6:23 AM IST
ചാത്തന്നൂർ: മഴ തകർത്തു പെയ്ത തോടെ ദേശീയപാത വെള്ളക്കെട്ടായി മാറി. വാഹനങ്ങൾ മണിക്കുറുകളോളം ഗതാഗതക്കുരുക്കിൽപെട്ട് വലഞ്ഞു. ദേശീയ പാതയിൽ കൊട്ടിയം മുതൽ പാരിപ്പള്ളി വരെ ഇന്നലെ പുലർച്ചേ മുതൽ യാത്ര ദുരിതത്തിലായി. വാഹനങ്ങൾ പലസ്ഥലത്തും ദേശീയപാത യാത്ര ഒഴിവാക്കാൻ വഴിതിരിച്ചുവിട്ടു.
കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിലും സമീപത്തുമായിരുന്നു വെള്ളക്കെട്ട് മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുകളുണ്ടായത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ കൊട്ടിയത്ത് ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമാണ്. മൈലക്കാട് കിംഗ്സ് ആശുപത്രി മുതൽ കൊട്ടിയം ഇഎസ്ഐ ഡിസ്പെൻസറി വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഈ രണ്ട് കിലോമീറ്റർ ദൂരം മറി കടക്കാൻ രണ്ടോ അതിലധികമോ മണിക്കുറുകൾ പലപ്പോഴും വേണ്ടി വരും.
പുലർച്ചേ രണ്ടരയോടെ ആരംഭിച്ച ശക്തമായ മഴ ഒമ്പത് വരെ തുടർന്നു. നിർമാണം നടക്കുന്ന ദേശീയപാതയിലെ സർവീസ് റോഡുകളിൽ വെള്ളം നിറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ വൺവേ റോഡുകളിൽ തന്നെ കെട്ടി നിന്നു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാത്തതുമൂലം പല സ്ഥലത്തും കുഴികളും വലിയ ചാലുകളുമുണ്ട്.
വെള്ളം കെട്ടികിടക്കുമ്പോൾ ഇത് ഡ്രൈവർമാർ അറിയുകയുമില്ല. പല ഭാഗത്തും ഓട നിർമിച്ചിട്ടുണ്ടെങ്കിലും സർവീസ് റോഡിനെക്കാൾ ഉയരത്തിലാണ് ഓട. വെള്ളം ഒഴുകിപ്പോകാൻ ബുദ്ധിമുട്ടാണ്. അശാസ്ത്രീയമായ നിർമാണവും മനുഷ്യജീവന് വില കല്പിക്കാത്തതുമായ നിർമാണ ശൈലിയുമാണ് വെള്ളക്കെട്ടിന് കാരണമാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദേശീയപാതയിൽ മൈലക്കാട് ജംഗ്ഷനിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ തഴുത്തല , കണ്ണനല്ലൂർ വഴി തിരിച്ചു വിടേണ്ടിവന്നു. ചാത്തന്നൂരിലെ വെള്ളക്കെട്ട് കച്ചവടക്കാർക്കും ദുരിതമായി.ഹൈസ്കൂൾ റോഡ് ഭാഗത്തെ കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടാക്കി.
തിരുമുക്കിൽ വാഹനയാത്ര ആകെ ദുരിതമായി. കല്ലുവാതുക്കലും പാരിപ്പള്ളി ജംഗ്ഷനിലും ഇതായിരുന്നു അവസ്ഥ. ഫയർഫോഴ്സും പ്രാദേശികമായി യുവാക്കളുടെ കൂട്ടായ്മകളും ഓട്ടോഡ്രൈവർമാരും അശ്രാന്ത പരിശ്രമം നടത്തിയാണ് വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കിയത്