നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കിൽ ; കണ്‍സ്യൂമര്‍ഫെഡ് വിഷു-ഈസ്റ്റര്‍ സഹകരണ വിപണിക്ക് തുടക്കം
1542384
Sunday, April 13, 2025 6:23 AM IST
കൊല്ലം: നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു-ഈസ്റ്റര്‍ സഹകരണ വിപണിക്ക് തുടക്കമായി. ആഘോഷ കാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 21 വരെ ജില്ലയിലെ 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപണനമേള ഒരുക്കിയിരിക്കുന്നത്.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റു ഉത്പന്നങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാം. പൊതുവിപണിയില്‍ 50 രൂപയോളം വിലവരുന്ന വിവിധതരം അരികള്‍ 33 രൂപയ്ക്കാണ് ലഭിക്കുക. പഞ്ചസാര, ചെറുപയര്‍, കടല, മല്ലി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം സബ്സിഡി നിരക്കില്‍ ലഭിക്കും.
വിവിധ ഉത്പന്നങ്ങള്‍ക്ക് കിലോഗ്രാമിന് സബ്സിഡി നിരക്കിലുള്ള വില (ബ്രാക്കറ്റില്‍ വിപണിവില): ജയ അരി 33 രൂപ (50), കുറുവ അരി 33 (48), കുത്തരി 33 (49), പച്ചരി 29 (37), പഞ്ചസാര 34.65 (49), ചെറുപയര്‍ 90 (120), കടല 65 (95), ഉഴുന്ന് 90 (125), വന്‍പയര്‍ 75 (110), തുവരപ്പരിപ്പ് 105 (145), ഉണക്കമുളക് 115.50 (175), മല്ലി 81.90 (115), വെളിച്ചെണ്ണ (ലിറ്റര്‍) 240.45 (350).
വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ആദ്യ വില്പന നിര്‍വഹിച്ചു. റീജണല്‍ മാനേജര്‍ ഐ. ലൈലമോള്‍, യൂണിറ്റ് മാനേജര്‍ അന്‍സാര്‍ എന്നിവർ പ്രസംഗിച്ചു.