തീരദേശ റോഡിൽ സംരക്ഷണ ഭിത്തി നിർമാണം ഇഴഞ്ഞു നീങ്ങുന്നു
1542694
Monday, April 14, 2025 5:50 AM IST
തൊഴിലാളികളുടെ കുറവുണ്ടായതാണു നിർമാണം വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു
കൊല്ലം : കടലാക്രമണത്തെ തുടർന്ന് തീരദേശ റോഡ് തകർന്ന ഭാഗത്ത് റോഡിനു സംരക്ഷണ ഭിത്തി കെട്ടുന്ന ജോലികൾ ഇഴഞ്ഞുനീങ്ങുന്നു. ഇരവിപുരം മേഖലയിൽ സംരക്ഷണ ഭിത്തി നിർമാണം ആരംഭിച്ചതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടിരിക്കയാണ്. അതിനാൽ സ്വകാര്യ ബസ് സർവീസുകളും മുടങ്ങി. കാക്കത്തോപ്പ് ഭാഗത്ത് ഉള്ളവർ കാൽനടയായാണ് ഇരവിപുരത്തും കൊല്ലം ബീച്ച് വരെയും എത്തുന്നത്.
പുലർച്ചേ നീണ്ടകര പോർട്ടിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികളും വാഹനങ്ങൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലർക്കും കൃത്യ സമയത്തു ജോലിക്കു പോകാൻ സാധിക്കുന്നില്ല. ബസ് ഇല്ലാത്തതിനാൽ പൊരിവെയിലത്തു നടക്കേണ്ടി വരുന്നവരും വലിയ പ്രതിഷേധത്തിലാണ്. റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണം എത്രയും വേഗം തീർത്താൽ ബസ് ഓടിത്തുടങ്ങും എന്ന പ്രതീക്ഷയിലാണു തീരദേശവാസികൾ.
ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഗാബിയോൺ മാതൃകയിലുള്ള സംരക്ഷണ ഭിത്തി നിർമാണം നടത്തുന്നത്. ഒരു മാസം മുൻപ് തീരദേശ റോഡിൽ കുരിശും മൂടിനു സമീപം മണ്ണ് ചരിഞ്ഞതിനെ തുടർന്നു നിർമാണം മുടങ്ങിയിരുന്നു.
അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കണ്ടെങ്കിലും പിന്നീട് ഒരു മാസമായി റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്നുവെന്നാണു പരാതി. പുലിമുട്ടുകൾ സ്ഥാപിച്ചതോടെ തീരദേശ റോഡിലേക്കു വലിയ തിരമാലകൾ ഇരച്ചു കയറുന്ന സ്ഥിതിക്കു കുറവുണ്ടായിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡും തീരവും ബലപ്പെടുത്തുന്നതിനു ഗാബിയോൺ മാതൃകയിലുള്ള (ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച ശേഷം അതിനു ചുറ്റും ഇരുമ്പു വലയിട്ട് പാറ നിറച്ചു സംരക്ഷണ ഭിത്തി കെട്ടുന്ന രീതി) നിർമാണം ആരംഭിച്ചത്.
കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം വരെയുള്ള രണ്ടര കിലോമീറ്ററോളം ഭാഗത്തെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. റോഡിൽ നടപ്പാതയും ഉണ്ടാകും.
ആദ്യ ദിവസങ്ങളിൽ നിരവധി തൊഴിലാളികളും മണ്ണുമാന്തി യന്ത്രങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. തൊഴിലാളികളുടെ കുറവുണ്ടായതാണു നിർമാണം വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു.
ഇതിനു പരിഹാരം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഒരാഴ്ചയ്ക്കകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കും എന്നാണ് ഹാർബർ എൻജിനിയറിംഗ് അധികൃതർ പറയുന്നത്.