ദുരന്ത നിവാരണം ; മലയോര മേഖലയില്‍ മോക്ഡ്രില്‍ നടത്തി
1542082
Saturday, April 12, 2025 6:28 AM IST
തെന്മല : ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ മോക്ഡ്രിൽ തെന്മല നാഗമലയിൽ സംഘടിപ്പിച്ചു.
പുനലൂർ തഹസീൽദാർ അജിത് ജോയി, ഡപ്യൂട്ടി തഹസിൽദാർ ഷഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലിൽ റവന്യൂ, വനം, പോലീസ്, പഞ്ചായത്ത്, ഫയർഫോഴ്സ്, എന്‍സിസി കേഡറ്റുകൾ തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ളവര്‍ അണിചേര്‍ന്നു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, തീപിടിത്തം ഉള്‍പ്പടെ പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങളെ എങ്ങനെ നേരിടാം, രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ എങ്ങനെ നടപ്പിലാക്കാം എന്നതിനെ ബന്ധപ്പെടുത്തിയായിരുന്നു മോക്ഡ്രില്‍.
പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ, പുനലൂർ ഡിവൈഎസ്പി പ്രദീപ് കുമാർ, തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാർ, തെന്മല ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ അനിൽ ആന്റണി എന്നിവർ മോക്ഡ്രില്ലില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു.