കെഎംഎംഎൽ ഡിസിഡബ്യു ജീവനക്കാരനെ സസ്പെൻഡ് ചെയ്തു ; തൊഴിലാളികൾ പണിമുടക്കി
1542077
Saturday, April 12, 2025 6:28 AM IST
ചവറ :കെഎംഎംഎൽ കമ്പനിയിലെ ഡിസി ഡബ്യു (ഡയറക്ട് കോൺട്രാക്്ട് വർക്ക് ) തൊഴിലാളിയെ കമ്പനി മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ഇതറിഞ്ഞ ഡിസിഡബ്യു തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തി.
ഡിസിഡബ്ല്യു തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ ഒന്നടങ്കം റിലേ സമരം നടത്തി വരുകയാണ്. സമരത്തിന് നേതൃത്വം നൽകുന്ന വിനോദ് വിജയ്യെ അകാരണമായി സസ്പെൻഡ് ചെയ്ത മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് തൊഴിലാളികൾ ഇന്നലെ പണിമുടക്കിയത്.
വിനോദ് വിജയ്യുടെ സസ്പെൻഷൻ പിൻവലിക്കുന്നതുവരെ പണിമുടക്ക് സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചതിനെ തുടർന്ന് വൈകിട്ടോടെ സസ്പെൻഷൻ പിൻവലിച്ചു.സ്ഥിരം ജീവനക്കാരെ ഒഴിച്ച് മറ്റ് കരാര്‍ പണിയെടുക്കുന്നവരുള്പ്പെടെയുള്ളവരെ കമ്പനിക്കകത്തേക്ക് കടത്തി വിട്ടില്ല. കമ്പനിയിലേക്ക് സാധനങ്ങളുമായി വന്ന വാഹനങ്ങളും തടഞ്ഞു.
കമ്പനിക്ക് വേണ്ടി വീടും വസ്തുവും നല്കിയ തങ്ങള്‍ക്ക് കമ്പനിയില്‍ സ്ഥിരമാക്കാത്തത് അംഗീകരിക്കാനാകില്ലയെന്ന് തൊഴിലാളികള്‍ പറഞ്ഞു.സ്ഥിരം ജീവനക്കാരായി തങ്ങളെ അംഗീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം.