സ്കൂളുകളിൽ വേനൽക്കാല ക്ലാസുകൾ അനുവദിക്കരുതെന്ന്
1542072
Saturday, April 12, 2025 6:17 AM IST
കൊല്ലം : കൊല്ലം ജില്ലയിലെ വിവിധ സംഘടനകളുടെയും കലാകാരന്മാരുടെയും പ്രതിനിധികൾ കരുതൽ സൂമ്പ, യോഗ ആൻഡ് കരാട്ടെ സെന്ററിൽ ഒത്തു ചേർന്നു.
പൊതുവിദ്യാലയങ്ങളിൽ വേനലവധി ക്ലാസുകൾ വേണ്ടായെന്ന ബാലാവകാശ കമ്മീഷൻ നിർദേശവും സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ രാവിലെ 7.30 മുതൽ 10.30 വരെ മാത്രമേ അവധി ക്ലാസുകൾ നടത്താവൂ എന്നുള്ള ഹൈക്കോടതി വിധിയും ലംഘിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ പ്രസിഡന്റ് ജോർജ്. എഫ്.സേവ്യർ വലിയവീട് യോഗം ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബൈജു പുനുക്കന്നൂർ അധ്യക്ഷത വഹിച്ചു. ഷോട്ടോക്കാൻ കരാട്ടെ ആൻഡ് സ്പോർട്സ് അക്കാഡമി ജനറൽ സെക്രട്ടറി വിക്രമൻ നായർ, ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ, സാമൂഹ്യപ്രവർത്തക ജുബൈദത്ത് ബീവി എന്നിവർ പ്രസംഗിച്ചു.
കളക്ടർക്ക് പരാതി നൽകുവാനും നടപടിയില്ലെങ്കിൽ സമരമുഖങ്ങളിലേക്ക് പ്രവേശിക്കാനും നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെപിഎസി ലീലാകൃഷ്ണൻ, സ്ത്രീ മുന്നേറ്റ പോരാളി ജെയിൻ ആൻസിൽ ഫ്രാൻസിസ് എന്നിവർ ജനറൽ കൺവീനർമാരായ കമ്മിറ്റി തീരുമാനമെടുത്തു.