കുരുക്കഴിയാതെ അഞ്ചല്‍
1541772
Friday, April 11, 2025 6:27 AM IST
അഞ്ചല്‍ : ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുകയാണ് അഞ്ചല്‍ പട്ടണത്തില്‍ എത്തുന്നവര്‍. അനധികൃത പാര്‍ക്കിംഗും ഗതാഗത നിയന്ത്രണത്തിനാവശ്യമായ പോലീസ് ഇല്ലാത്തതുമാണ് ഗതാഗത തടസം നേരിടാന്‍ പ്രധാന കാര്യങ്ങളില്‍ ചിലത്. പോലീസും പഞ്ചായത്തും ചേര്‍ന്ന് പട്ടണത്തിലെ പാര്‍ക്കിംഗിനായി വലിയ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രഖ്യാപനങ്ങള്‍ വന്നു മാസങ്ങളില്‍ പിന്നിടുമ്പോഴും നടപ്പിലാക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. അധികൃതരുടെ തീരുമാനം അശാസ്ത്രീയമാണെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പഞ്ചായത്ത് അധികൃതരാകട്ടെ ഗതാഗത കുരുക്കില്‍പ്പെട്ടു ജനം വലയുമ്പോള്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നുമില്ല.
അഞ്ചല്‍ മൂക്കടയില്‍ പലപ്പോഴും രൂപപ്പെടുന്ന ഗതാഗതക്കുരുക്കില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെ കുടുങ്ങുന്നത് നിത്യസംഭമായി മാറുകയാണെന്നു നാട്ടുകാരും വ്യാപാരികളും പറയുന്നു. പലപ്പോഴും നാട്ടുകാരും വ്യാപാരികളുമാണ് ഗതാഗതക്കുരുക്കഴിക്കാന്‍ പ്രവര്‍ത്തിക്കുന്നത്. പട്ടണ നടുവിലെയെങ്കിലും അനധികൃത പാര്‍ക്കിംഗി ഒഴുവാക്കിയാല്‍ തന്നെ ഒരു പരിധിവരെ ഈഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയും.
ബൈപ്പാസ് നിലവില്‍ വന്നതോടെ ചന്തമുക്ക്. ആര്‍ഒ ജംഗ്ഷന് ഉള്‍പ്പടെയുള്ളിടത്ത് ഗാതാഗത കുരുക്കിന് പരിഹാരമായിട്ടുണ്ട്. നിലവിലുള്ള ബൈപ്പാസില്‍ നിന്നും ആലഞ്ചേരിയില്‍ എത്തുവിധം മറ്റൊരു ബൈപാസ് കൂടി എംഎല്‍എ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതിനുള്ള കാര്യമായ നടപടികള്‍ ഒന്നും ഇനിയും ആരംഭിച്ചിട്ടില്ല. ആലഞ്ചേരി അഞ്ചല്‍ ബൈപ്പാസ് കൂടി പ്രാവര്‍ത്തികമായാല്‍ അഞ്ചല്‍ പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമുണ്ടാകും. ഇതിനുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു