പന്മന ആണുവേലില്‍ ഗവ.യുപി സ്കൂൾ വജ്രജൂബിലി നിറവിൽ
1541771
Friday, April 11, 2025 6:24 AM IST
ചവറ : 75 വർഷം പൂർത്തിയാക്കിയ പന്മന ആണുവേലില്‍ ഗവ. യുപി സ്കൂൾ വജ്ര ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര നിലാവ് 2025- 26 ജൂബിലി ആഘോഷ പരിപാടികൾ 12,13 തീയതികളിലായി നടക്കും. 12ന് രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ ശ്രീരംഗം രാധാകൃഷ്ണൻ അധ്യക്ഷനാകും .
പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തും. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടന കർമം നിർവഹിക്കും. ലോകസഭ സെക്രട്ടേറിയറ്റില്‍ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാരം നേടിയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി മുരളീധരന്, പ്രധാനമന്ത്രിയുടെ ഫെല്ലോഷിപ്പിന് അര്‍ഹനായ ഹരീഷ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഗുരുവന്ദനവും പൂർവവിദ്യാർഥി സംഗമവും സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രഫ.ജി ശ്രീനിവാസൻ അധ്യക്ഷനാകും. മുൻമന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തും .
ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിത പൂർവ അധ്യാപകരെ ആദരിക്കും. ബിപിസി കിഷോർ.കെ.കൊച്ചയ്യം അവാർഡ് വിതരണം നിർവഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ചാക്കോ, കോലത്ത് വേണുഗോപാൽ, ഐ .ശിഹാബ് എന്നിവർ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
വൈകുന്നേരം അഞ്ച് മുതൽ കലോത്സവ പ്രതിഭകൾ പങ്കെടുക്കുന്ന സർഗസന്ധ്യ നടക്കും. 13ന് രാവിലെ 10 ന് നടക്കുന്ന യുവജന സമ്മേളനം മുൻമന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. പന്മന പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല അധ്യക്ഷയാവും.
മോട്ടിവേഷണൽ സ്പീക്കർ വി. കെ. സുരേഷ് ബാബു കണ്ണൂർ മുഖ്യപ്രഭാഷണം നടത്തും .സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല വില്ലേജ് ഓഫീസർമാർക്കുള്ള അവാർഡ് നേടിയ പൂർവ വിദ്യാർഥികളാ യ പന്മന വില്ലേജ് ഓഫീസര്‍ രാധാകൃഷ്ണൻ, പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസര്‍ അജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ലഹരി വിരുദ്ധ സംഗമം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും .
മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാട് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും. കൊല്ലം എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എം.നൗഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകും. വൈകുന്നേരംഅഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ജനറൽ കണ്‍വീനര്‍ കെ.യൂസുഫ് സലിം ചേമത്ത് അധ്യക്ഷനാകും. മുൻ എംഎൽഎ അഡ്വ. കെ.എൻ.എ.ഖാദർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. കവി മധുസൂദനൻ നായർ മുഖ്യാതിഥിയായി പങ്കെടുക്കും .
തുടർന്ന് പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ഹാസ്യവിരുന്നും നൃത്ത നൃത്യങ്ങൾ അടങ്ങുന്ന കലാ പരിപാടികളും നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ശ്രീരംഗം രാധാകൃഷ്ണൻ ജനറൽ കൺവീനർ കെ.യൂസഫ് സലീം ചേമത്ത്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ലാൽ കൃഷ്ണൻ, പ്രഥമ അധ്യാപിക എം.റഷിയത്ത് ബീവി എന്നിവർ അറിയിച്ചു.