എ. രാമചന്ദ്രന് ആര്‍ട്ട് ഗാലറി ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി സജി ചെറിയാന്
1541769
Friday, April 11, 2025 6:24 AM IST
കൊല്ലം: ചിത്രകാരന് എ. രാമചന്ദ്രന്റെ നാമധേയത്തില്‍ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട് ഗാലറി ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാന്. ആര്‍ട്ട് ഗാലറിയുടെ നിര്‍മാണോദ്ഘാടനം കൊല്ലം ആശ്രാമം സാംസ്കാരിക സമുച്ചയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.
എ.രാമചന്ദ്രന്റെ 300 കോടിയോളം വിലമതിപ്പുള്ള 48 ചിത്രങ്ങളാണ് ആര്‍ട്ട് ഗാലറിയില്‍ സ്ഥാപിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ലളിതകലാ അക്കാദമിക്കാണ് ആര്‍ട്ട് ഗാലറിയുടെ നടത്തിപ്പ് ചുമതല. സര്‍ക്കാര്‍ ഒരു കോടി രൂപയും എ. രാമചന്ദ്രന്റെ കുടുംബം ഒരു കോടി രൂപയും ചെലവിട്ട് ആകെ രണ്ടു കോടി രൂപയാണ് ഇന്റീരിയര്‍ ജോലികള്‍ക്ക് പ്രതീക്ഷിത ചെലവ്.
അധിക ചെലവ് വന്നാല്‍ എ. രാമചന്ദ്രന്റെ കുടുംബം വഹിക്കും. വര്‍ത്തമാന കാലത്ത് കേരളത്തിന്റെ യശസ് ആഗോള തലത്തില്‍ ഉയര്‍ത്തിയ കലാകാരനാണ് എ. രാമചന്ദ്രന്. ശില്പി, സംഗീതജ്ഞന് , സാഹിത്യകാരന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പത്മഭൂഷണ്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. എ. രാമചന്ദ്രന് ആര്‍ട്ട് ഗ്യാലറി കൊല്ലത്തെ ലോക ടൂറിസം മാപ്പില്‍ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എം. മുകേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത് ആര്‍ട്ട് ഗ്യാലറി സംബന്ധിച്ച ആശയാവതരണം നടത്തി.
ലളിതകലാ അക്കാദമി സെക്രട്ടറി എബി എന്‍ ജോസഫ്, സമുച്ചയം കണ്‍വീനറും ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായ സി. അജോയ് എന്നിവർ പ്രസംഗിച്ചു.