സ്കൂൾ പാചക തൊഴിലാളികളുടെ വേതനവ്യവസ്ഥ അട്ടിമറിക്കാൻ നീക്കമെന്ന്
1541767
Friday, April 11, 2025 6:24 AM IST
കൊല്ലം: കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികളുടെ വേതന വ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയുമെന്ന് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി എ. ഹബീബ്സേട്ട്. നിലവിലെ വ്യവസ്ഥകൾ പ്രകാരം 500 കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുവാൻ ഒരാളും 500 മുകളിൽ രണ്ടു പേരും എന്ന് കണക്കിലാണ് തൊഴിലാളികളെ നിയമിക്കുന്നത്.
എന്നാൽ 1000 നു മുകളിൽ കുട്ടികളുള്ള സ്കൂളുകളുടെ കാര്യത്തിൽ വിവരങ്ങൾ ഒന്നും വ്യക്തമാക്കുന്നില്ല.നിലവിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് നൽകുന്ന പ്രതിദിന വേതനം 600രൂപയാണ്. എന്നാൽ തൊഴിലാളികളുടെ ജോലി ഭാരം ലഘൂകരിക്കാനായി അസിസ്റ്റന്റ് കുക്കിനെ നിയമിക്കാൻ സർക്കാരിലേക്ക് ശൂപാർശ നൽകിയ വിദ്യാഭ്യാസ അധികൃതർ തൊഴിലാളികളുടെ കഞ്ഞിയിൽ പാറ്റയിടാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവിൽ തൊഴിലാളികൾക്ക് കിട്ടിക്കൊണ്ടിരുന്ന 600രൂപ ഓണറേറിയത്തിൽ നിന്ന് 300രൂപ നൽകി അസിസ്റ്റന്റ് കുക്കിനെ നിയമിക്കണമെന്ന വിചിത്രന്യായമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതു നിലവിൽ വരുന്നതോടെ തൊഴിലാളിയുടെ വേതനം നേർ പകുതിയായി കുറയുമെന്നത് അംഗീകരിക്കാൻ കഴിയില്ല.തൊഴിലാളികളുടെ വിരമിക്കൽ മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലും യാതൊരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതുവരെ ഉണ്ടായിട്ടില്ല.
സ്കൂൾ പാചക തൊഴിലാളികൾക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ജോലി ചെയ്തിട്ടും വേതനം ലഭിക്കാത്തിനാൽ വിഷുവും ഈസ്റ്ററും ദിനത്തിൽ പട്ടിണി കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സർക്കാരിന്റെ തൊഴിലാളികളോടുള്ള അവഗണനയ്ക്കെതിരെ ശക്തമായ സമര പരിപാടികളെകുറിച്ച് ആലോചിക്കാൻ 22ന് 10 ന് കൊല്ലം ജില്ലാ കോൺഗ്രസ് ഭവനിൽ ചേരുന്ന യോഗം തീരുമാനം എടുക്കുമെന്നും എ. ഹബീബ് സേട്ട് അറിയിച്ചു.