കാട്ടാനക്കൂട്ടം കൃഷിയിടം നശിപ്പിച്ചു
1541766
Friday, April 11, 2025 6:24 AM IST
കുളത്തൂപ്പുഴ : കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ പ്രദേശങ്ങളിൽ വന്യജീവി ശല്യം രൂക്ഷമായി.
ജനവാസമേഖലയിലെ കൃഷിയിടങ്ങളിൽ എത്തി വ്യാപക കൃഷിനാശം വരുത്തിവെക്കുകയാണ്. കഴിഞ്ഞ ദിവസം ഒരുപറ്റം കാട്ടാനക്കൂട്ടം കുമരം കരിക്കം ജോസ് വിലയിൽ ജോസഫ് ഡേവിഡിന്റെ ഉടമസ്ഥയിൽ ആറ്റിൻ കിഴക്കേക്കര എംപോങ്ങിലെ കൃഷിയിടത്തിലെത്തി നാശംവിതച്ചു.
പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ കടം വാങ്ങിയും വായ്പയെടുത്തു കൃഷിയിറക്കിയ ആയിരത്തിലധികം വാഴകളും തെങ്ങിൻ തൈകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
തിരുവനന്തപുരം ഡിവിഷനിൽ പെട്ട കുളത്തൂപ്പുഴ റേഞ്ച് വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ ഉൾപ്പെട്ട പ്രദേശത്ത് കൃഷി സംരക്ഷിക്കുന്നതിനായി വനംവകുപ്പിന്റെ സൗരോർജ വേലിയും കർഷകർ സ്വന്തം നിലയിൽ സ്ഥാപിച്ച വേലിയും മറികടന്നാണ് രാത്രിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തിയത്.
പുലർച്ചെയോളം കൃഷിയിടങ്ങളിൽ നിലയുറപ്പിച്ച് വാഴകളും തെങ്ങിൻ തൈകളും കമുകുത്തൈകളും നശിപ്പിച്ച കാട്ടാനക്കൂട്ടം നേരം പുലർന്ന ശേഷമാണ് സമീപത്തെ വനത്തിലേക്ക് മടങ്ങിയത്.
ആദ്യദിനം പുലർച്ചെ മടങ്ങിയ കാട്ടാനകൾ രണ്ടാം ദിവസം രാത്രിയിലും വീണ്ടും എത്തി ബാക്കിയുണ്ടായിരുന്ന വാഴകളും മറ്റു കൃഷികളും നശിപ്പിക്കുകയും വ്യാപക നാശനഷ്ടം വരുത്തുകയും ചെയ്തു.
കടം വാങ്ങിയും വായ്പയെടുത്തു ചെയ്യുന്ന കർഷകർ കാട്ടാനകളും, കാട്ടുപോത്തുകളും, കാട്ടുപന്നികളും, മ്ലാവുകളും, നിരന്തരം നശിപ്പിക്കുന്നതിനാൽ കൃഷി ഉപേക്ഷിക്കുക അല്ലാതെ മറ്റു മാർഗമില്ലെന്ന് പരാതിയിലാണ് ഇവിടത്തെ കർഷകർ.