പൊതുവിതരണ മേഖലയ്ക്കായി അധികതുക അനുവദിച്ചു : മന്ത്രി കെ.എൻ.ബാലഗോപാൽ
1541765
Friday, April 11, 2025 6:24 AM IST
കൊല്ലം : ഗുണമേന്മയുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് ഉപഭോക്തകൾക്ക് എത്തിക്കുന്നതിന് പൊതുവിതരണമേഖലയ്ക്ക് അധിക തുക അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
പുത്തൂർ ചന്തമുക്കിൽ (ഷോജ് പ്ലാസ) നവീകരിച്ച കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബറോടെ അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കും.
വിഷു -ഈസ്റ്റർ വിപണിയുടെ ഭാഗമായി നാളെ മുതൽ 21വരെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 13ഇന ഭക്ഷ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭിക്കും. ജയ അരി, കുറുവ അരി, പുത്തരി, പച്ചരി, പഞ്ചസാര, ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയ്ക്കാണ് സബ്സിഡി ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ നടന്ന യോഗത്തിൽ കൺസ്യൂമർഫെഡ് ഡയറക്ടർ ജി. ത്യാഗരാജൻ അധ്യക്ഷതവഹിച്ചു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല ആദ്യവിൽപന നിർവഹിച്ചു.
കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ഐ. ലൈലമോൾ, അസി. റീജണൽ മാനേജർ കെ. എസ്.ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.