ക്ഷേത്രോത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം : കടയ്ക്കല്‍ കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉപദേശക സമിതി പിരിച്ചുവിട്ടു
1541764
Friday, April 11, 2025 6:24 AM IST
കൊല്ലം: കടയ്ക്കല്‍ കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ ഉപദേശക സമിതി പിരിച്ചു വിട്ടു.
ഉത്സവാഘോഷത്തിലെ ഗാനമേളയില്‍ ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. ഇത് ബോധപൂര്‍വം ചെയ്തതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. ക്ഷേത്രപരിസരം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്ന ഇട്ടിവ സ്വദേശി പ്രഥിന്റെ പരാതിയില്‍ കടയ്ക്കല്‍ പോലീസെടുത്ത കേസിലും അന്വേഷണം തുടരുകയാണ്.
നേരത്തെ വിപ്ലവ ഗാന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ ഉപദേശക സമിതിയേയും ദേവസ്വം ബോര്‍ഡ് പിരിച്ചു വിട്ടിരുന്നു.
കഴിഞ്ഞ അഞ്ചിനാണ് കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീ ക്ഷേത്രത്തില്‍ ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നായിരുന്നു സംഭവത്തില്‍ ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ നല്കിയ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്സര് ചെയ്തത്.
അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അതിലൊന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. മറ്റൊരു പാട്ടാണ് പാടിയത്. നാഗര്‍കോവില്‍ ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.