ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും: മന്ത്രി കെ.എൻ.ബാലഗോപാൽ
1538334
Monday, March 31, 2025 6:32 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
മന്ദിരം നിർമിക്കുന്നതിനുള്ള മുണ്ടക്കലിലെ ഭൂമി ഏറ്റെടുപ്പ് നടപടി പൂർത്തിയാക്കി സ്ഥലം സന്ദർശിച്ച ശേഷമാണം മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 29 ന് തന്നെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെയാണ് മുണ്ടയ്ക്കൽ വില്ലേജിൽപ്പെട്ട 125/4 സർവേ നമ്പറിലുള്ള ഒമ്പതര ഏക്കർ വസ്തു ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കലിന് സർക്കാർ 26.02 കോടി രൂപയാണ് അനുവദിച്ചത്. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല കൊല്ലത്തിന്റെ നഗര ഹൃദയത്തിൽ തന്നെ നിർമിക്കണമെന്ന നിശ്ചയദാർഢ്യമാണ് പിന്നിലുള്ളത്.
യൂണിവേഴ്സിറ്റിക്ക് നെഗോഷ്യബിൾ പർച്ചേസ് പ്രകാരം ഭൂമി വാങ്ങാമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് നടപടിക്രമങ്ങൾ സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപ് തന്നെ നടത്തിയത്. യാത്രാസൗകര്യമുള്ള സ്ഥലത്ത് തന്നെ യൂണിവേഴ്സിറ്റി ഉയരണമെന്ന് നിർബന്ധമുണ്ടായിരുന്നു.
മാത്രമല്ല, കുമാരനാശാൻ ഉൾപ്പെടെ പങ്കാളിത്തമു ണ്ടായ ഓട്ടു കമ്പനി പ്രവർത്തിച്ച സ്ഥലത്താണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സർവകലാശാല സ്ഥാപിക്കുന്നതെന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. ആദ്യഘട്ടമായി 60,000 സ്ക്വയർ ഫീറ്റിൽ കെട്ടിടം നിർമിക്കും. പ്രവേശനകവാടം, ചുറ്റുമതില്‍, റോഡുകള്‍, ലാന്‍സ്കേപ്പിംഗ്, ഹരിതവത്കരണം എന്നിവ സജ്ജമാക്കും. ഇതിന് ആവശ്യമായ മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻ ഐ റ്റി തയാറാക്കും. സർവകലാശാല ആസ്ഥാനം വരുന്നതുമായി ബന്ധപ്പെട്ട് ഇവിടേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിന് കച്ചിക്കടവ് പാലം കൂടി നിർമിക്കും.
നിലവിൽ 55,000 വിദ്യാർഥികളാണ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്. 29 കോഴ്സുകൾക്ക് പുറമെ നൈപുണ്യ, ഡിപ്ലോമ പ്രോഗ്രാമുകളും ഉടൻ ആരംഭിക്കും. പഠന കേന്ദ്രങ്ങൾ 35 ആയി ഉയർത്തും. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കേരളത്തിനു പുറത്തുനിന്നുള്ള വിദ്യാർഥികൾ കൂടി പഠനത്തിനായി എത്തുമ്പോൾ കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്.
കൊല്ലം കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഐ.ടി പാർക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. വരുമാനം കോർപറേഷനുമായി പങ്കുവയ്ക്കുന്ന വിധത്തിലാണ് പദ്ധതി ആലോചിക്കുന്നത്. ഒരു ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഐടി പാർക്കിന് സമീപം വർക്ക് നിയർ ഹോം ക്യാമ്പസും കൂടി സ്ഥാപിക്കാൻ ആലോചിക്കുന്നതായും ഉപയോഗശൂന്യമായ ഭൂമി ഭാവിതലമുറയ്ക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തിൽ വിനിയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എം.നൗഷാദ് എംഎൽഎ, മേയർ ഹണി, ജില്ലാ കളക്ടർ എൻ.ദേവിദാസ്, മുൻ മേയർ പ്രസന്ന ഏണസ്റ്റ്, വൈസ് ചാന്‍സിലർ ഡോ. വി. പി. ജഗതിരാജ്, രജിസ്ട്രാർ സുനിത, ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. വി. പി. പ്രശാന്ത്, മുൻ സിൻഡിക്കേറ്റ് അംഗം ബിജു മാത്യു തുടങ്ങിയവർ പങ്കെടുത്തു.