ദമ്പതികളെ ആക്രമിച്ച കേസ് : ഒളിവിലായിരുന്ന പ്രതി റിമാൻഡിൽ
1538331
Monday, March 31, 2025 6:32 AM IST
അഞ്ചല്‍ : പാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു ദമ്പതികളെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ.
അഞ്ചല്‍ കൈപ്പള്ളിമുക്ക് തുമ്പികുന്ന് സ്വദേശി ഷാന്‍ എന്ന ഷാനവാസാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലായിരുന്നു സംഭവം. തുമ്പിക്കുന്ന് സ്വദേശിയായ മുരുകന് എന്നയാളുടെ വീട് നിര്‍മാണത്തിനായി പിക്കപ്പില്‍ വെള്ളവുമായി എത്തിയതായിരുന്നു തഴമേല്‍ സ്വദേശികളായ ദമ്പതികളെ ഷാന്‍ ആക്രമിക്കുകയുമായിരുന്നു.
പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കേസില്‍ റിയാസ് എന്നയാളെ അഞ്ചല്‍ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഒന്നാം പ്രതിയായ ഷാനവാസിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.