ലഹരി വ്യാപനം കൂടുന്നു : ആവശ്യത്തിന് വാഹനങ്ങളില്ലാതെ എക്സൈസ് കിതയ്ക്കുന്നു
1538316
Monday, March 31, 2025 6:16 AM IST
കൊല്ലം: ജില്ലയിൽ ലഹരിവസ്തുക്കളുടെ വ്യാപനം കൂടുമ്പോഴും മതിയായ വാഹനം ഇല്ലാതെ നെട്ടോട്ടമോടി എക്സൈസ് ഉദ്യോഗസ്ഥർ. ഉള്ള വാഹനങ്ങൾക്ക് ആനുപാതികമായി ഡ്രൈവർമാർ ഇല്ലാത്തതും മറ്റൊരു പ്രതിസന്ധിയാണ്.
ജില്ലയിൽ ഉടനീളം ലഹരി വസ്തുക്കൾ വ്യാപകമാവുകയും നിരന്തരം റെയ്ഡുകൾ വേണ്ടിവരികയും ചെയ്യുമ്പോഴാണ് ആവശ്യത്തിന് വാഹനമില്ലാതെ എക്സൈസ് അധികൃതർ ബുദ്ധിമുട്ടുന്നത്. കൊല്ലം, അഞ്ചൽ റേഞ്ചുകളിൽ എക്സൈസ് വകുപ്പിന്റെ ജീപ്പുകളുടെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.
15 വർഷം പൂർത്തിയായ ഈ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങളെത്തണം. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആര്യങ്കാവിലെ ചെക്ക് പോസ്റ്റിലും നിലവിൽ ജീപ്പ് ഇല്ല. ഒരു ബൈക്ക് മാത്രമാണ് ഉള്ളത്. ജില്ലയിൽ ബൈക്ക്, സ്കൂട്ടർ, കാർ, ജീപ്പ് തുടങ്ങി ആകെ 46 വാഹനങ്ങളാണ് എക്സൈസ് വകുപ്പിന് കീഴിലുള്ളത്. ഇവയിൽ 15 വർഷത്തിന് അടുത്ത് കാലപ്പഴക്കമുള്ള വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ ഇഴഞ്ഞാണ് നീങ്ങുന്നത്.സിവിൽ എക്സൈസ് ഉദ്യോഗസ്ഥരാണ് ഡ്രൈവർമാരായി പലപ്പോഴും പകരം സേവനമനുഷ്ഠിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതാണ് കാരണം.
ഡ്രൈവർമാരുടെ കുറവ് ലഹരിക്കേസുകളിലെ പരിശോധനയെ സാരമായി ബാധിക്കുന്നുമുണ്ട്. കൂടുതൽ ഡ്രൈവർ തസ്തിക സൃഷ്്ടിക്കുകയോ എക്സൈസ് വകുപ്പിലുള്ള വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഡ്രൈവർമാരെ നിയമിക്കുകയോ വേണമെന്നാണ് സേനയിൽ ഉള്ളവരുടെ പ്രധാന ആവശ്യം. കൊല്ലം നഗരത്തിൽ അടക്കം അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ ഇല്ലാത്തത് കാരണം ഉദ്യോഗസ്ഥർക്ക് കൃത്യമായി റെയ്ഡുകൾ നടത്താൻ പറ്റാത്ത സാഹചര്യമുണ്ട്.