ജപ്തി ഭീഷണിയിലായ നിർധന കുടുംബത്തിന് സുമനസുകളുടെ സഹായത്താൽ വീടിന്റെ ആധാരം തിരികെ കിട്ടി
1538324
Monday, March 31, 2025 6:16 AM IST
കുളത്തൂപ്പുഴ: ബാങ്ക് ലോൺ പെരുകി വീടും വസ്തുവും ജപ്തി ഭീഷണിയിലെത്തിയ നിർധന കുടുംബത്തിന് സുമനസുകളുടെ സഹായത്താൽ വീടിൻറെ ആധാരം തിരികെ കിട്ടി. സാംനഗർ വയലരികത്ത് വീട്ടിൽ ലൈലാ ബീവിയും ഓട്ടിസം രോഗിയായ നാല്പതുകാരി മകളുമാണ് നാട്ടുകാരുടെ സഹായത്തോടെ ജപ്തി ഭീഷണിയിൽ നിന്നും രക്ഷപെട്ടത്.
നിർധന കുടുബാംഗമായി ലൈലാ ബീവിയുടെ മൂന്നു പെൺമക്കളിൽ രണ്ടു പേരുടെ വിവാഹാവശ്യങ്ങൾക്കായാണ് കുളത്തൂപ്പുഴയിലെ ജില്ലാ ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നത്.
തുടർന്ന് ഭർത്താവ് രോഗബാധിതനായി മരണപ്പെട്ടതോടെ ലൈലാ ബീവിയും ഇളയ മകളും തനിച്ചായി. ലൈലാ ബീവി തുടർന്ന് സമീപ വാസികളുടെ സഹായത്തോടെയാണ് ജീവിതം തള്ളി നീക്കിയിരുന്നത്.
ഇതിനിടെ വായ്പാ തുക തിരിച്ചടക്കാനുള്ള അവധികളെല്ലാം കഴിയുകയും വസ്തുവും വീടും ജപ്തിയുടെ വക്കിലേക്ക് എത്തുകയുമായിരന്നു.
കഴിഞ്ഞ മാസം ജപ്തി സംബന്ധിച്ച വിവരം പ്രദേശത്തെ പൊതുപ്രവർത്തകരിൽ ചിലർ അറിയുകയും സുമനസുകളുടെ സഹായത്താൽ ആവശ്യമായ തുക സമാഹരിച്ച് ബാങ്കിന്റെ കടം വീട്ടി ആധാരവും ബന്ധപ്പെട്ട രേഖകളും വീണ്ടെടുക്കുകയും ആയിരുന്നു.
പൊതു പ്രവർത്തകനായ ഷെഫീക്ക് ചോഴിയക്കോടിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ സാംനഗറിൽ ലൈലാ ബീവിയുടെ വീട്ടിലെത്തിയ കുളത്തൂപ്പഴ അഷറഫ് മൗലവി വീടിന്റെ ആധാരം ലൈലാ ബീവിക്ക് കൈമാറി.
ജമാഅത്ത് പ്രസിഡന്റ് ജാഫർ ഹാജി, സെക്രട്ടറി ഷറഹുദീൻ തലച്ചിറ, പഞ്ചായത്തംഗം കെ.ശോഭന, ഷാനവാസ്, കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ ഇതിനു സാക്ഷികളായി.