പെരുമൺ പേഴുംതുരുത്ത് പാലത്തിന്റെ നിർമാണ പ്രവർത്തികൾ നിലച്ചു
1538315
Monday, March 31, 2025 6:16 AM IST
കൊല്ലം: ജില്ലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് വന്കുതിപ്പാകുന്ന പെരുമണ്‍ പേഴുംതുരുത്ത് പാലത്തിന്റെ നിര്‍മാണ പ്രവർത്തികള്‍ നിലച്ചു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദ്യം പാലത്തിന് ശിലപാകിയത്.
തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പണത്തിന്റെ ലഭ്യതക്കുറവെന്ന കാരണം പറഞ്ഞ് നിര്‍മാണപ്രവർത്തികള്‍ ഒന്നും നടത്തിയില്ല. പിണറായി വിജയന് മുഖ്യമന്ത്രിയും ജി. സുധാകരന് പൊതുമരാമത്തു മന്ത്രിയുമായിരുന്നപ്പോള്‍ എം. മുകേഷ് എംഎല്‍എയുടെ ശ്രമഫലമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 41.22 കോടി രൂപ അനുവദിച്ച് വീണ്ടും പാലത്തിന് ശിലപാകി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ നിര്‍മാണം നടന്നുവരവേ പാലത്തിന്റെ രൂപകല്പനയില് മാറ്റം വരുത്തണമെന്ന ഉന്നത അധികാരികളുടെ തീരുമാനം വന്നു. അതോടെ പാലം നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലായി. പാലത്തിന്റെ മധ്യഭാഗത്തെ 70 മീറ്റര്‍ നീളമുള്ള സ്പാന്‍ സ്ട്രിങ്ങില്‍ തൂങ്ങിനില്ക്കുന്നതുപോലെയാണ് പുതിയ രൂപകല്പന.
ഇത് നിര്‍മിക്കുന്നതിനായി ഇരുവശത്തെയും 45 മീറ്റര്‍ വീതം നീളമുള്ള സ്പാനിന്റെ പണിയും നിര്‍ത്തി. ഇനി 160 മീറ്റര്‍ നീളമുള്ള സ്പാനുകളാണ് നിര്‍മിക്കേണ്ടത്.
അതിനുവേണ്ടിയുള്ള തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മധ്യഭാഗത്തെ 70 മീറ്റര്‍ നീളമുള്ള സ്ലാബ് നിര്മിക്കണമെങ്കില് അതിനുള്ള ഫ്രെയിം വിദേശത്തുനിന്ന് എത്തിക്കണം. ഇതിനിടെ പാലം നിര്‍മാണത്തിനുള്ള ഏഴുകോടിയോളം രൂപ കരാറുകാരന് നല്‍കാനുണ്ടെന്നാണ് അറിയുന്നത്.