കരുനാഗപ്പള്ളി കൊലപാതകം : രണ്ടുപേര്‍ കൂടി പിടിയില്‍
1538330
Monday, March 31, 2025 6:32 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശികളായ ഹരി (മൈന), പ്യാരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകുന്നേരത്തോടെ മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇരുവരെയും ഓച്ചിറ സിഐ സുജാതന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്. പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.
ഇരുവരേയും കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരം. അക്രമി സംഘത്തിലെ രാജീവ് (രാജപ്പന്), മനു (കുക്കു) എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ആറംഗസംഘത്തില്‍ ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. പിടികൂടാനുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
രഹസ്യാന്വേഷണ വിഭാഗവും ലോക്കല്‍ പോലീസും അന്വേഷണം തുടരുകയാണ്. പ്രതികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാം പോലീസ് പല ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും അടക്കമുള്ള സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇതിനിടെ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട അരിനല്ലൂര്‍ സ്വദേശി അയ്യപ്പനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാള്‍ക്ക് കേസില്‍ നേരിട്ട് ബന്ധമില്ല. ചവറ തെക്കുംഭാഗം പോലീസാണ് അയ്യപ്പനെ കസ്റ്റഡിയിലെടുത്തത്. സംഭവദിവസം രാത്രി 12 ഓടെ രണ്ട് വാഹനങ്ങളിലായി കൊലയാളി സംഘം അരിനല്ലൂര്‍ പാറയില്‍ ജംഗ്ഷനിലുള്ള തന്റെ വീട്ടിലെത്തിയതായി ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാല്‍ രാജീവുമായി മാത്രമാണ് താന്‍ സംസാരിച്ചത്. മറ്റുള്ളവര്‍ ആരൊക്കെയെന്ന് തിരിച്ചറിയാനായില്ലെന്നും പോലീസിന് മൊഴി നല്കി.
ഷിനു പീറ്ററിനെയും പ്രതികൾ ലക്ഷ്യംവച്ചു
സന്തോഷിനെ കൊലപ്പെടുത്തിയ ദിവസം പ്രതികള്‍ ആദ്യം എത്തിയത് അരിനല്ലൂരിലുള്ള ഷിനു പീറ്ററിന്റെ വീട്ടിലാണ്. രാത്രി 11.40 മുതല്‍ ഒരു മണിക്കൂറിലധികം രണ്ട് വാഹനങ്ങളിലായി കൊലയാളി സംഘം ഈ വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. പ്രതികള്‍ ആദ്യം ലക്ഷ്യം വച്ചത് ക്വട്ടേഷന്‍ സംഘാംഗമായ ഷിനു പീറ്ററിനെയാണെന്ന വിവരവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വീട്ടിലേക്ക് തോട്ടയെറിഞ്ഞ് രണ്ട് വര്‍ഷം മുമ്പ് ഷിനുവിനെ അപായപ്പെടുത്താന്‍ രാജീവ് ശ്രമിച്ചിരുന്നു. കഴിഞ്ഞയാഴ്ച ചവറയിലെ ക്ഷേത്ര ഉത്സവത്തിനിടെ ഷിനു പീറ്ററും അയ്യപ്പനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തില്‍ നാല് എസ്എച്ച്ഒമാര്‍ ഉള്‍പ്പടെ 18 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ ഡാന്‍സാഫ് ടീമും അന്വേഷണ സംഘത്തോടൊപ്പമുണ്ട്. കരുനാഗപ്പള്ളി എസ്എച്ച്ഒ വി. ബിജുവാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.