പന്മന വില്ലേജ് ഓഫീസർക്ക് വധഭീഷണി
1537941
Sunday, March 30, 2025 6:10 AM IST
ചവറ : പന്മന വില്ലേജ് ഓഫീസർക്ക് നേരേ വധഭീഷണി മുഴക്കിയതായി പരാതി. ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസർ സി. രാധാകൃഷ്ണനാണ് മേൽ ഉദ്യോഗസ്ഥർക്കും ചവറ പോലീസിനും ഇത് സംബന്ധിച്ച് പരാതി നൽകി. വ്യാപാരിയായ ഷംനാദ് എന്ന വ്യക്തിയാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നുതെന്നാണ് വില്ലേജ് ഓഫീസർ ആരോപിച്ചിരിക്കുന്നത്.
നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റിനായി ഷംനാദ് വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഹോട്ടൽ വ്യാപാരിയും മറ്റുചില വ്യാപാരങ്ങളും ഉള്ള വ്യക്തിയായതിനാൽ ഇൻകം ടാക്സിന്റെ സ്റ്റേറ്റ്മെന്റ് വില്ലേജ് ഓഫീസർ രേഖാമൂലം ഷംനാദിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇൻകം ടാക്സ് അടയ്ക്കുന്നില്ല എന്നാണ് ഷംനാദ് പറഞ്ഞതെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.
പന്മന വില്ലേജ് ഓഫീസർ അവധിക്ക് പോയ സമയത്ത് പോലീസ് ഇടപെട്ട് മുദ്രപത്രത്തിൽ ഇൻകം ടാക്സ് അടയ്ക്കുന്നില്ലായെന്ന് ഷംനാദ് എഴുതി നൽകാൻ പറയുകയായിരുന്നു. തുടർന്ന് ചാർജുള്ള സമീപത്തെ വില്ലേജ് ഓഫീസർ ഇത് എഴുതി വാങ്ങി നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് വിവരം. ഭീഷണി നേരിടുന്ന തനിക്ക് വേണ്ട നിയമപരിരക്ഷ നൽകണമെന്നാണ് വില്ലേജ് ഓഫീസർ ഇപ്പോൾ ആവശ്യപ്പെടുന്നത്.