പുനലൂർ ഇനി സമ്പൂർണ മാലിന്യമുക്ത നഗരം
1537940
Sunday, March 30, 2025 6:10 AM IST
പുനലൂർ : പുനലൂർ ഇനി സമ്പൂർണ മാലിന്യമുക്ത നഗരമായി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന സർക്കാർ തുടക്കമിട്ട മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായിട്ടാണ് പട്ടണത്തെ മാലിന്യമുക്ത നഗരമാക്കി മാറ്റുന്നതിന് വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 20 തൊഴിലാളികളെ നിയോഗിച്ചു പട്ടണം എല്ലാ ദിവസവും തൂത്ത് വൃത്തിയാക്കുന്നു. മാലിന്യ കൂനകൾ നീക്കം ചെയ്തു. പട്ടണം മോടിപിടിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ ബോധവത്കരണ പോസ്റ്ററുകൾ പതിച്ചു.
വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശുചിത്വ സമ്മേളനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ചെയർമാനും നഗരസഭയുടെ ശുചിത്വ അംബാസിഡറുമായ ഡോ പുനലൂർ സോമരാജൻ നഗരസഭയെ സമ്പൂർണ മാലിന്യമുക്ത നഗരമായി പ്രഖ്യാപിച്ചു. ചെയർപേഴ്സൺ കെ. പുഷ്പലത അധ്യക്ഷയായി. സെക്രട്ടറി എസ്. സുമയ്യബീവി റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി. കൃഷ്ണൻകുട്ടി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിനോയ് രാജൻ, വസന്ത രഞ്ജൻ, പ്രിയ പിള്ള, അഡ്വ പി.എ. അനസ്, മുൻ വൈസ് ചെയർമാൻമാരായ ഡി. ദിനേശൻ, വി. പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.ഇതിന് മുന്നോടിയായി പുനലൂർ ടിബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ശുചിത്വ വിളംബര സന്ദേശ ഘോഷയാത്ര നഗരം ചുറ്റി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.
മികച്ച ഹരിത ആശുപത്രിയായി താലൂക്ക് ആശുപത്രിയെയും, മികച്ച ഹരിത സ്ഥാപനമായി താലൂക്ക് ഓഫീസിനെയും മികച്ച ഗ്രന്ഥശാലയായി ഐക്കരക്കോണം പബ്ലിക് ലൈബ്രറിയെയും മികച്ച വിദ്യാലയമായി വി ഒ യു പി എസിനെയും തെരഞ്ഞെടുത്തു.