കരുനാഗപ്പള്ളിയിലെ കൊലപാതകം : രണ്ടുപേർ അറസ്റ്റിൽ
1537937
Sunday, March 30, 2025 6:10 AM IST
കൊല്ലം: ഗുണ്ടാനേതാവ് സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കൃത്യം നടത്തുന്നതിന് മുമ്പ് റിഹേഴ്സൽ നടത്തിയെന്ന് പോലീസ്. ഓച്ചിറ മേമന സ്വദേശി മനു(കുക്കു)വിന്റെ വീട്ടിൽ വച്ചായിരുന്നു റിഹേഴ്സൽ. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വച്ച് പരിശീലിച്ചു എന്നാണ് വിവരം. ഇയാളുടെ വീട്ടിൽ നടന്ന പരിശീലനത്തിന് ശേഷം വീട്ടുമുറ്റത്ത് കിടന്ന കാറിലാണ് പ്രതികൾ കൊലപാതകം നടത്താൻ എത്തിയതെന്നും പോലീസ് കണ്ടെത്തി.
മുഖം മറച്ചാണിവർ കാറിൽ കയറുന്നത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്.സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. തഴവ കുതിരപ്പന്തി കളീയ്ക്കൽ വീട്ടിൽ രാജീവ് (രാജപ്പൻ- 25), ഓച്ചിറ മേമന ലക്ഷ്മി വിലാസത്തിൽ മനു (കുക്കു -31) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാജീവിനെ കാമ്പിശേരി മുക്കിന് സമീപത്തുനിന്നും മനുവിനെ വയനകത്ത് നിന്നുമാണ് പിടികൂടിയത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
കൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ചോദ്യം ചെയ്യലിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. രാജീവ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഉടൻ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും.
അതേസമയം, സംഘത്തിൽ ഉണ്ടായിരുന്ന ഹരി, പ്യാരി, അലുവ അതുൽ, പങ്കജ് എന്നിവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. നിലവിൽ പ്രതിചേർത്തിട്ടുള്ളവർക്ക് പുറമെ സോനു, സാമുവൽ എന്നിവർക്കും കൊലപാതകത്തിൽ പങ്കുള്ളതായും പോലീസ് സൂചിപ്പിച്ചു.
സന്തോഷിന്റെ കൊലപാതകത്തിലും അനീറിനെ വെട്ടിപ്പരിക്കൽപ്പിച്ച കേസിലും ഉൾപ്പെട്ടിട്ടുള്ളത് ഒരേ പ്രതികൾ ആണെങ്കിലും രണ്ടു സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സന്തോഷ് കൊലക്കേസ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലും അനീറിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് ഓച്ചിറ സ്റ്റേഷനിലുമാണ്.