ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം
1537936
Sunday, March 30, 2025 6:10 AM IST
കൊല്ലം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.
തമിഴ്നാട് സ്വദേശി മഹാ ലിംഗത്തെ കമ്പി വടി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം കറുകച്ചാൽ താഴത്തു പറമ്പിൽ ബിജുവിനെയാണ് കൊല്ലം നാല് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സുഭാഷ് ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട മഹാലിംഗത്തിന്റെ വിധവ മുരുകേശരിക്കു നൽകാനും വിധിയിൽ പറയുന്നു.
2023 മേയ് 12നാണ് കേസിനസ്പദമായ സംഭവം നടന്നത്. ചവറ പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് എത്തിയ തൊഴിലാളികളിൽപ്പെട്ടവരായിരുന്നു മഹാലിംഗവും ബിജുവും. മുഴുവൻ തൊഴിലാളികൾക്കും ഉപയോഗിക്കാൻ കരാറുകാരൻ മൊബൈൽ ഫോൺ നൽകിയിരുന്നു.
എന്നാൽ, മൊബൈൽ ബിജു തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ നിരന്തരം വഴക്ക് കൂടിയിരുന്നു. സംഭവ ദിവസം പുലർച്ചെ ഉറങ്ങിക്കിടന്ന മഹാലിംഗത്തെ പ്രതി ബിജു അമ്പലം പണിക്കായി ഉപയോഗിച്ചിരുന്ന ഭാരമേറിയ ഇരുമ്പു വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ചവറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്്ടറായിരുന്ന യു.പി വിപിൻകുമാറാണ് കേസ് രജിസ്റ്റർ ചെയ്ത്. കേസിൽ എസഎച്ച്ഒ ആയിരുന്ന കെ.ആർ ബിജുവാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 26 സാക്ഷികളെ വിസ്തരിച്ചു.
24 രേഖകളും എട്ട് തൊണ്ടിമുതലുകളും കോടതി തെളിവിലേക്കായി സ്വീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.ജയകുമാർ. എഎസ്ഐ സാജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.