ഏരൂർ ഓയിൽ പാം ഫാക്ടറിയിലെ സ്റ്റെറിലൈസറിൽ ഗുരുതര ചോർച്ച
1537935
Sunday, March 30, 2025 6:10 AM IST
അഞ്ചൽ : കേന്ദ്ര - സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഏരൂർ എസ്റ്റേറ്റ് ഫാക്ടറിയിലെ സ്റ്റെറിലൈസറിൽ ഗുരുതര ചോർച്ച. ചോർച്ച കണ്ടെത്തിയത് ഏതാനും മാസങ്ങൾക്കുമുമ്പ് 35 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപണി നടത്തിയ സ്റ്റെറിലൈസറിൽ.
ഡിസംബർ മാസം വാർഷിക അറ്റകുറ്റപണിക്ക് ശേഷം സ്റ്റെറിലൈസറിന്റെ ഡോറുകളിൽ ഗുണനിലവാരമില്ലാത്ത ബീഡിംഗ് (വാഷർ ) ഉപയോഗിച്ചതാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. ബോയിലറിൽ നിന്നുള്ള നീരാവി സ്റ്റെറിലൈസറുകളിൽ നൽകിയാണ് എണ്ണപ്പന കുലകൾ പുഴുങ്ങുന്നത്.
250 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള നീരാവി രണ്ട് കിലോ ഗ്രാം മർദ്ദത്തിൽ രണ്ടര മണിക്കൂർ സമയം സ്റ്റെറിലൈസറുകളിൽ നൽകിയാണ് എണ്ണപ്പന കുലകൾ പുഴുങ്ങുന്നത്. ഈ ആഴ്ച തുടർച്ചയായി രണ്ട് സ്റ്റെറിലൈസറുകളിലും ചോർച്ച തുടർച്ചയായി സംഭവിച്ചപ്പോൾ ജീവനക്കാരും തൊഴിലാളികളും ആശങ്ക അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയോടെ വീണ്ടും ചോർച്ച സംഭവിച്ചപ്പോൾ തൊഴിലാളി യൂണിയൻ ഭാരവാഹികളായ ജീവനക്കാർ ഫാക്ടറി മാനേജരുമായി ചർച്ച നടത്തുകയും ഗുണനിലവാരമുള്ള ബീഡിംഗ് സ്ഥാപിച്ചു. സീനിയർ മാനേജരുടെ മേൽനോട്ടത്തിൽ തുടർ പരിശോധനകൾ നടത്തിയതിന് ശേഷമേ പ്രവർത്തനം ആരംഭിക്കാവു എന്നും അറിയിച്ചു.
ഫാക്ടറിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണിപ്പോൾ.മുൻ കാലങ്ങളിൽ ഉപയോഗിച്ച് കൊണ്ടിരുന്ന ബീഡിങ്ങിന് മാനേജ്മെന്റ് കഴിഞ്ഞ ദിവസം ഓർഡർ നൽകിയിരുന്നു.
അടിക്കടിയുണ്ടാകുന്ന ചോർച്ചയിൽ തൊഴിലാളികളും ജീവനക്കാരും ആശങ്കയിലാണെന്നും അവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും കൺസൽട്ടൻസിയെ ഉപയോഗിച്ച് 35 ലക്ഷം രൂപ ചിലവഴിച്ചു അറ്റകുറ്റ പണി നടത്തി രണ്ട് മാസം കഴിയുന്നതിനു മുൻപായി ചോർച്ച സംഭവിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഐഎൻടിയുസി ജനറൽ സെക്രട്ടറി പി.ബി. വേണുഗോപാൽ ആവശ്യപ്പെട്ടു.
അതേസമയം, ഓർഡർ നൽകിയ ബീഡിംഗ് അടുത്ത ദിവസം തന്നെ എത്തുമെന്നും ഇതോടെ തകരാർ പരിഹരിക്കാൻ കഴിയുമെന്നും മാനേജ്മെന്റ് അറിയിച്ചു.