ചന്ദ്ര പൊങ്കാല സമർപ്പിച്ച് ഭക്തർ
1537914
Sunday, March 30, 2025 6:02 AM IST
ചാത്തന്നൂർ: ആചാര പെരുമയോടെ ഭക്തിസാന്ദ്രമായി ചാത്തന്നൂർ ശ്രീഭുതനാഥക്ഷേത്രത്തിൽ ചന്ദ്ര പൊങ്കാല നേർച്ച സമർപ്പിച്ചു. കഴിഞ്ഞദിവസം അർധരാത്രിയിൽ നടത്തിയ ചന്ദ്ര പൊങ്കാലയിൽ വ്രതശുദ്ധിയോടെ നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്.
കേരളത്തിൽ അത്യപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് അർധരാത്രിയിൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്ന ചടങ്ങുള്ളത്. 74 ദിവസം നീണ്ടു നിന്ന തോറ്റം പാട്ട് ഉത്സവം. തോറ്റം പാട്ടിൽ ദക്ഷനിഗ്രഹം തോറ്റി നിർത്തിയ ശേഷം അരങ്ങേറിയ ദക്ഷയാഗം കഥകളി.
കഥകളിയിൽ ദക്ഷനെ വധിക്കുന്നതോടെ പൊങ്കാല നേർച്ചയ്ക്ക് തുടക്കമായി. ദക്ഷനിഗ്രഹം കഴിഞ്ഞ് കോപാകുലയായി നില്ക്കുന്ന ദേവിയെ ശാന്തമാക്കാനും മധുരം നല്കി അനുനയിപ്പിക്കാനുമാണ് പൊങ്കാല സമർപ്പിക്കുന്നതെന്നാണ് വിശ്വാസം.
ചന്ദ്ര പൊങ്കാല സമർപ്പിച്ചാൽ ദേവിയുടെ അനുഗ്രഹവും ഉദ്ദിഷ്ടകാര്യസിദ്ധിയും ഫലമെന്ന് ഭക്തജനങ്ങളുടെ വിശ്വാസം. ശ്രീകോവിലിന് മുന്നിലെ പണ്ടാര അടുപ്പിൽ ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നുള്ള അഗ്നി പകർന്നു.
രാത്രിയോടെ പെയ്ത ചാറ്റൽ മഴ പിന്നീട് മാറിയതോടെ പൊങ്കാല നേർച്ച സുഗമമായി.ക്ഷേത്രഭരണസമിതി ഭാരവാഹികളായ വി. വി.ജയ മോഹനൻ, കെ.ഉണ്ണികൃഷ്ണപിള്ള, സി.തുളസീധരൻ പിള്ള, വി.എസ്.സജീവ്, വി. അരുൺകുമാർ മറ്റു ക്ഷേത്രഭരണ സമിതി അംഗങ്ങൾ, ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രവർത്തകർ തുടങ്ങിയവർ പൊങ്കാല സമർപ്പണത്തിന് നേതൃത്വം നൽകി.
ക്ഷേത്രത്തിലെ അത്ത മഹോത്സവത്തിന് മൂന്നിന് കൊടിയേറും തുടർന്ന് പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവവും നടക്കും. ഇത്തവണ കൊടിയേറ്റിന് മുമ്പു തന്നെ ഉത്സവമേളം തുടങ്ങുകയാണ്.
ഇന്ന് രാത്രി ഏഴിന് കൈകൊട്ടിക്കളിയും തിരുവാതിരയും. 31ന് രാത്രി 6.30 ന് കൈകൊട്ടിക്കളിയും സിനിമാറ്റിക് ഡാൻസും. ഏപ്രിൽ ഒന്നിന് രാത്രി 6.30ന് തിരുവാതിരയും കൈകൊട്ടിക്കളിയും, രണ്ടിന് രാത്രി 6.30 ന് തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ എന്നിവയും നടക്കും.