ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം : മന്ത്രി കെ.എന്‍.ബാലഗോപാല്‍
1537906
Sunday, March 30, 2025 6:02 AM IST
കൊല്ലം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ജില്ലാതലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ സിംഗപ്പൂര്‍ മാതൃകയിലുള്ള ഓഷനേറിയം ജില്ലയില്‍ അധികം വൈകാതെ തുടങ്ങും. ടൂറിസ്റ്റ് മറീനുകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇത്തരം പുരോഗതിക്കൊപ്പം ഭാവിമുന്നില്‍ കണ്ടുള്ള വിപുലമായ വികസന പരിപാടികളാണ് നടപ്പിലാക്കാനിരിക്കുന്നത്. അതിനായി പൊതുജനത്തിന്റെ കൂടി അഭിപ്രായം അറിയേണ്ടതുണ്ട്. അതിനുള്ള ഇടമായി ആഘോഷവേദി മാറും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷതവഹിച്ചു. ‘എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ പൊതുസംഘാടക സമിതി രൂപീകരിച്ചു.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചെയര്‍മാനും മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ കോ-ചെയര്‍പേഴ്സണ്‍മാരും ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ കണ്‍വീനറുമായാണ് സമിതി. യോഗത്തില്‍ എം. നൗഷാദ് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്, സിറ്റി പോലീസ് കമീഷണര്‍ കിരണ്‍ നാരായണന്, സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാര, എഡിഎം ജി. നിര്‍മല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.