യുടിയുസി സെക്രട്ടേറിയറ്റ് മാർച്ച് ഏപ്രിൽ 10 ന്
1537662
Saturday, March 29, 2025 6:14 AM IST
കൊല്ലം: പരമ്പരാഗത വ്യവസായ മേഖല ശവപ്പറമ്പാക്കിയ പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 5000 തൊഴിലാളികൾ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഏപ്രിൽ 10.ന് നടത്തു മെന്ന് യുടിയുസി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരനും, ജനറൽ സെക്രട്ടറി ടി.സി.വിജയനും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
പരമ്പരാഗത മേഖലകളായ കയർ, കശുഅണ്ടി, കൺസ്ട്രക്ഷൻ, തയ്യൽ. മത്സ്യം, തൊഴിലുറപ്പ്, മോട്ടോർ, ഓട്ടോ, ചുമട് , കർഷക തൊഴിലാളിയും, ദേവസ്വം, മെൻഷനേഴ്സ്, ചവറ കെഎംഎം എൽ, ഐആർഇ, വാട്ടർ അഥോറിറ്റി, ടൈറ്റാനിയം, പോർട്ട്. ടെക്സ്റ്റൈൽസ്, മിൽ തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കും.
എംഎൽഎ കോർട്ടേഴ്സിന് സമീപം ആശാൻ സ്ക്വയറിലും രക്തസാക്ഷി മണ്ഡപത്തിന് സമീപത്തും കേന്ദ്രീകരിച്ചാണ് മാർച്ചിന് തുടക്കം കുറിക്കുന്നത്. യുടിയു സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് സംസ്ഥാന പ്രസിഡന്റ് ബാബുദിവാകരൻ, ജനറൽ സെക്രട്ടറി ടി.സി. വിജയൻ എന്നിവർ നേതൃത്വം നൽകും.
ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എംപി, എ. എ. അസീസ്, ബാബുദിവാകരൻ, ടി .എം. വിജയൻ, വി. ശ്രീകുമാരൻ നായർ, സനിൽകുമാർ, കെ. ജയകുമാർ, ചന്ദ്രബാബു, ബെന്നി, കെ. സിസിലി, ഇറവൂർ പ്രസന്നകുമാർ എന്നിവർ പ്രസംഗിക്കും.