വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ
1537910
Sunday, March 30, 2025 6:02 AM IST
ന്യൂസിലൻഡിൽ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്തു
കൊച്ചിയിലെ കടവന്ത്ര ഉൾപ്പടെയുള്ള സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുണ്ടെന്ന് പോലീസ്
അഞ്ചൽ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം പേരൂർക്കട പോലീസ് കൊല്ലം ഏരൂരിൽ എത്തി പിടികൂടി.
മൂവാറ്റുപുഴ സ്വദേശി അനിൽകുമാറിനെയാണ് പോലീസ് കഴിഞ്ഞ രാത്രി സാഹസികമായി ഇയാളെ പിടികൂടിയത്. പേരൂർക്കട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവതിയിൽ നിന്നും ന്യൂസിലൻഡിൽ ജോലി വാഗ്ദാനം നൽകി അനിൽ തട്ടിയെടുത്തത് 10 ലക്ഷം രൂപയാണ്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ നല്കിയ തുക യുവതി മടക്കി ചോദിച്ചു.
പണം കിട്ടാതെവന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഒളിവിൽ പോയ അനിൽകുമാറിനായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പലയിടങ്ങളിൽ മാറി മാറി താമസിച്ചു വന്ന ഇയാൾ ഏരൂർ നെട്ടയത്തുള്ള ബന്ധുവീട്ടിൽ ഉണ്ടെന്ന വിവരം മനസിലാക്കിയാണ് പോലീസ് എത്തി പിടികൂടുന്നത്.
വീടിന്റെ നാല് ഭാഗത്തും സിസിടിവി കാമറകൾ സ്ഥാപിച്ചിരിക്കുന്ന അനിൽ കുമാർ പോലീസ് എത്തിയെന്ന് മനസിലാക്കിയ ഓടി രക്ഷപെടാൻ ശ്രമിച്ചു.
വീടിന്റെ മുകളിൽ കയറി ഒളിച്ച ഇയാളെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പോലീസ് പിടികൂടുന്നത്. വീട് തുറക്കാതായതോടെ ഏരൂർ പോലീസിന്റെ സഹായവും പേരൂർക്കട പോലീസ് തേടിയിരുന്നു.
സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചിയിലെ കടവന്ത്ര ഉൾപ്പടെയുള്ള പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുണ്ടെന്ന് പോലീസ് പറയുന്നു.
ഇയാൾ കൂടുതൽആളുകളെ തട്ടിപ്പിനിരയാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞിട്ടുണ്ട്.