അര ടൺ കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് പതിനഞ്ചു വർഷം തടവ്
1537660
Saturday, March 29, 2025 6:14 AM IST
ഓഡീഷ അതിര്‍ത്തിയില്‍നിന്ന് കടത്തി കൊണ്ടുവന്നത് കാറിൽ
കൊല്ലം : കാറിലെ രഹസ്യ അറയിൽ അര ടണ്ണിലേറെ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ കേസിൽ രണ്ടു പേർക്ക് പതിനഞ്ചു വർഷം തടവും ഓരോ ലക്ഷം വീതം പിഴയും ശിക്ഷിച്ച് കോടതി. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി. എൻ. വിനോദിന്റേതാണ് ഉത്തരവ്.
ചിതറ ഹെബി നിവാസില്‍ ഹെബി മോന് (44) നെയ്യാറ്റിന്‍കര ഒഞ്ചവിളാകത്ത് കിഴക്കുംകര പുത്തൻ വീട്ടിൽ ഷൈന്‍ (38), എന്നിവർക്കാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം 2023 ഏപ്രിൽ മൂന്നിന് രാത്രി 12.20 ഓടെയായിരുന്നു സംഭവം. പോലീസിനന്റെ പരിശോധന നടക്കവേ നിർത്താന്‍ ആവശ്യപ്പെട്ടിട്ടും കാർ നിർത്തിയിരുന്നില്ല.
തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ 26 പാക്കറ്റുകളിലായി സൂക്ഷിച്ചു വെച്ചിരുന്ന 53.860 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഓഡീഷ അതിര്‍ത്തിയില്‍ നിന്ന് കടത്തി കൊണ്ടു വന്ന കാറിനു വ്യാജ നമ്പറായിരുന്നു ഉണ്ടായിരുന്നത്.
2021 ല്‍ 84 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ചാത്തന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഹെബിമോന്‍. കേസ് കോടതിയുടെ പരിഗണനയിലാണ്. ചടയമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍, സുനീഷ്, സി പി ഒ സനല്‍കുമാര്‍ എന്നിവരുടെ സംഘമാണ്് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.സിസിന്. ജി.മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന് സഹായി അസി.സബ് ഇന്‍സ്പെക്ടര്‍ എഎസ്ഐ ദീപ്തിയായിരുന്നു.