ആശ്രിത നിയമനം അട്ടിമറിക്കാൻ അനുവദിക്കില്ല: കെപിഎസ്ടിഎ
1537659
Saturday, March 29, 2025 6:14 AM IST
കൊല്ലം: ആശ്രിത നിയമനം അട്ടിമറിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അംഗീകരിക്കില്ലെന്നും മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിച്ച് വേണം സർക്കാർ അകാലത്തിൽ പൊലിഞ്ഞു പോകുന്ന ജീവനക്കാരുടെ കുടുംബങ്ങളോട് പെരുമാറേണ്ടതെന്നും കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജീവനക്കാരൻ മരിക്കുമ്പോൾ 13 വയസ് പൂർത്തിയായ ആശ്രിതർക്ക് മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുള്ളൂവെന്ന പുതിയ തീരുമാനം ആശ്രിത നിയമനം പൂർണമായി അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ്.
എട്ട് ലക്ഷം രൂപ എന്ന ഉയർന്ന വരുമാന പരിധി കാലോചിതമായി പരിഷ്കരിച്ചില്ലെങ്കിൽ ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കാതെ വരും. എയ്ഡഡ് മേഖലയെ പൂർണമായി ഒഴിവാക്കിയത് ജീവനക്കാരൻ നഷ്ടപ്പെട്ട , വരുമാനം നിലച്ച കുടുംബത്തെ പെരുവഴിയിലാക്കുന്നതാണ്.
ജീവനക്കാരുടെ കുടുംബത്തോടൊപ്പം ചേർന്ന് നിന്ന് അവരെ ജീവിക്കാൻ സഹായിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും കെ പി എസ് ടി എ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടുജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.എസ് മനോജ് , ബി ജയചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറി എസ് ശ്രീഹരി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ.ഹാരിസ്,പി.മണികണ്ഠൻ സി. സാജൻ,
പ്രിൻസി റീന തോമസ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം ജില്ലാ ട്രഷറർ ബിജുമോൻ സി.പി, ബി.റോയി ബി. ശാന്തകുമാർ, ശ്രീകുമാർ ,റ്റി.നിധീഷ് സന്ധ്യാദേവി, ഗ്ലീന, വരുൺലാൽ, അജയകുമാർ , ജെ.ഹരിലാൽ, ജയകൃഷ്ണൻ, അൻവർ ഇസ്മായിൽ ,ഹരിലാൽ എന്നിവർ പ്രസംഗിച്ചു.