കൊലപാതക കേസ്: പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു
1537653
Saturday, March 29, 2025 6:08 AM IST
കൊല്ലം : കരുനാഗപ്പള്ളി താച്ചയിൽ മുക്ക് സ്വദേശി സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ഓച്ചിറ സ്വദേശികളായ അഞ്ച് പേരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.
വധത്തിന് നിർദേശം നൽകിയ പങ്കജ്, മുഖ്യപ്രതി അലുവ വിഷ്ണു എന്ന് വിളിക്കുന്ന അതുൽ, ഹരി, പ്യാരി, രാജപ്പൻ എന്നറിയപ്പെടുന്ന രാജീവ് എന്നിവരുടെ ഫോട്ടോകളാണ് പുറത്ത് വിട്ടത്. ഇതിൽ രാജപ്പനെയും അതുലിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. നിരവധി ആക്രമണകേസുകളിലും എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കു മരുന്നുകൾ വിതരണം ചെയ്ത കേസുകളിലും പ്രതികളാണിവർ്. പല പ്രാവശ്യം കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്താക്കിയിട്ടുണ്ട്.
കരുനാഗപ്പള്ളി, ഓച്ചിറ വയനകം ഗ്യാങ്ങുകൾ തമ്മിലുള്ള സംഘട്ടനം ആരംഭിക്കുന്നത് 2019ലാണ്. അന്ന് പ്രതികൾ സന്തോഷിനെ വീട് കയറി ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായി കഴിഞ്ഞ വർഷം സന്തോഷ് ഉൾപ്പെട്ട സംഘം കരുനാഗപ്പള്ളിയിൽ വച്ച് പങ്കജിനെ കുത്തി പരിക്കേൽപ്പിച്ചു.
കേസിൽ റിമാന്റിലായിരുന്ന സന്തോഷ് പുറത്തിറങ്ങിയത് അടുത്ത സമയത്താണ്. ഇതിന് പ്രതികാരമായാണ് പ്രതികൾ സന്തോഷിനെ വധിച്ചത്.
ഓച്ചിറ കേന്ദീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിന് പോലീസിന്റെയും ഒരു ഉന്നത രാഷ്ടീയ നേതാവിന്റെയും പിൻബലമുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രാവിലെ 6.30ന് പ്രതികൾ സഞ്ചരിച്ച വാഹനം ഓച്ചിറ വയനകം ചാങ്കൂർ ക്ഷേത്രത്തിനു സമീപം പോലീസ് പരിശോധിച്ചിരുന്നു.
പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു.ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക ആക്രമണത്തിലേക്ക് എത്തുമെന്ന് മുൻകൂട്ടി കാണുന്നതിൽ പോലീസിനന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായത്.