കുളക്കടയിലെ മേൽപ്പാലം യാഥാർഥ്യമായില്ല
1537648
Saturday, March 29, 2025 6:08 AM IST
കൊട്ടാരക്കര: എംസി റോഡിൽ കുളക്കടയിൽ കാൽനടയാത്രികർക്കായി മേൽപ്പാലം നിർമിക്കാനുള്ള പദ്ധതി നടപ്പായില്ല. ഡിസൈൻ തയാറാക്കി സമർപ്പിക്കാഞ്ഞതിനാൽ് ഭരണാനുമതിയായില്ല.
എംസി റോഡിലെ അപകടമേഖലയെന്നു പേരുദോഷമുള്ള ഭാഗമാണ് കുളക്കട. മിക്കപ്പോഴും ഇവിടെ അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഒട്ടനവധി ജീവനുകൾ പൊലിഞ്ഞു, പരിക്കുകളുമായി കഴിയുന്നവരും ഏറെയാണ്. മന്ത്രിയും കളക്ടറും മറ്റ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമൊക്കെ നിരവധി തവണ കുളക്കട സന്ദർശിക്കുകയും വിവിധ തലങ്ങളിൽ യോഗം ചേർന്ന് അപകടങ്ങളൊഴിവാക്കാൻ പദ്ധതികൾ തയാറാക്കുകയും ചെയ്തിരുന്നു.
കാമറ, വേഗ നിയന്ത്രണ സംവിധാനങ്ങൾ, ഫ്ളക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിയെങ്കിലും ശാശ്വത പരിഹാരമായില്ല. ഫ്ളക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ ഒരെണ്ണംപോലും ഇപ്പോൾ ശേഷിക്കുന്നില്ല. കാൽനടയാത്രികർക്കെങ്കിലും സുരക്ഷയൊരുക്കാനായിട്ടാണ് മേൽപ്പാലം നിർമ്മിക്കാൻ തീരുമാനിച്ചത്.
കുളക്കടയിൽ സ്കൂൾ ജംഗ്ഷനിൽ അപകടങ്ങൾ ഏറുന്നതിനാൽ ഇവിടെ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഗവ.ഹയർ സെക്കൻഡറി സ്കൂൾ, എൽപി സ്കൂൾ, ബിആർസി കേന്ദ്രം, അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ആയുർവേദ ആശുപത്രി, ബിഎഡ് സെന്റർ, വിദ്യാഭ്യാസ ഓഫീസ് എന്നിങ്ങനെ വിവിധ ഓഫീസുകളും വിദ്യാലയങ്ങളുമൊക്കെയുള്ള ഭാഗമാണ് കുളക്കട സ്കൂൾ ജംഗ്ഷൻ. അതുകൊണ്ടുതന്നെ മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടാണ് മേൽപ്പാലം നിർമിക്കാൻ തീരുമാനിക്കുന്നത്. മേൽപ്പാലം വരുന്നതോടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
മന്ത്രി മുൻകൈയെടുത്ത് തുക അനുവദിച്ചിട്ടും മേൽപ്പാലത്തിന്റെ ഡിസൈൻ വർക്കുകൾ ഇതുവരെ ചെയ്തിട്ടില്ല. സൈറ്റ് ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് ശേഷമേ ഡിസൈൻ വർക്ക് നടക്കുകയുള്ളു. ഇതിന്റെ നടപടികളും എങ്ങുമെത്തിയില്ല. ഡിസൈൻ തയാറാക്കി സർക്കാരിന് സമർപ്പിക്കുന്നതോടെ ഭരണാനുമതിയാകും. ആദ്യം തയാറാക്കിയ പ്ലാനിൽ പോരായ്മ സംഭവിച്ചിരുന്നത് തിരുത്താൻ അധികൃതർ ഉദാസീനത കാട്ടുകയാണ്. സ്കൂളിന്റെ പഴയ ഗേറ്റിനോട് ചേർന്ന ഭാഗത്താകും മേൽപ്പാലം നിർമിക്കുന്നത്.
ഇവിടെ തടസമായി വൈദ്യുത ലൈനുകളുണ്ട്. ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുത ലൈൻ അഴിച്ചുമാറ്റാനാണ് ആലോചന. സൈറ്റ് ഇൻവെസ്റ്റിഗേഷന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവൂ.