ചവറയില്‍ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരവുമായി അസംബ്ലി
1537644
Saturday, March 29, 2025 6:08 AM IST
ചവറ : ഭൂപതിവ് പട്ടയവുമായി ബന്ധപ്പെട്ട് ചവറ മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പ് ചവറയിൽ പട്ടയ അസംബ്ലി നടത്തി. നിരവധി വര്‍ഷങ്ങളായി വിവിധ കാരണത്താല്‍ പട്ടയം ലഭിക്കാത്ത കേസുകളില്‍ തീരുമാനം എടുക്കുന്നതിനും നിലവിലെ അപേക്ഷകളിലെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുന്നതിനുമായിട്ടായിരുന്നു അസംബ്ലി. ചവറ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സുജിത് വിജയന്‍പിള്ള എംഎല്‍എയുടെ സാന്നിധ്യത്തിലാണ് പട്ടയ അസംബ്ലി നടത്തിയത്.
ചവറ തട്ടാശേരി കോളനിയിലെ വീടുകളില്‍ താമസിച്ച് വരുന്ന എട്ട് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനായി നടപടി എടുക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നീണ്ടകര പഞ്ചായത്തില്‍ കായലിനോട് ചേര്‍ന്ന് സര്‍ക്കാര്‍ പുറമ്പോക്കില്‍ വീടു വച്ച് താമസിക്കുന്നവരുടെ അപേക്ഷയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ്കെ.രാജീവന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി നൽകി.
തേവലക്കര പഞ്ചായത്തില്‍ റോഡ് കഴിഞ്ഞുള്ള പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ക്കും ചവറ മുകുന്ദപുരം റോഡിന്റെ തോടിനു പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും പട്ടയം നല്‍കണമെന്ന് തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി അവര്‍ ഇവിടെക്കഴിയുകയാണന്നും പഞ്ചായത്ത് പ്രസിഡന്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചവറ തെക്കുംഭാഗം, നീണ്ടകര, ചവറ, പന്മന, തേവലക്കര എന്നീ പഞ്ചായത്തുകളില്‍ നിന്നുമുള്ളവരുടെ പ്രശ്നങ്ങളായിരുന്നു പട്ടയ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുന്നത്.
സന്തോഷ് തുപ്പാശേരി, തഹസീല്‍ദാര്‍ പി. ഷിബു, ഭൂരേഖാ തഹസീല്‍ദാര്‍ ആര്.സുശീല, ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ. സാദത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. പരമാവധി പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് തീരുമാനമായത്.