ലഹരിവിരുദ്ധ ഞായർ ആചരണം 30 ന്
1537354
Friday, March 28, 2025 6:25 AM IST
കൊല്ലം: കേരള കത്തോലിക്ക സഭയുടെ ആഹ്വാനമനുസരിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി 30 ന് ലഹരിവിരുദ്ധ ഞായറായി ആചരിക്കും. ലഹരി ആസക്തിയുടെ അന്ധകാരത്തിൽ നിന്നും ജീവന്റെ പ്രകാശത്തിലേക്ക് എന്നതാണ് ദിനാചരണത്തിന്റെ മുഖ്യസന്ദേശം.
ലഹരിക്കെതിരെയുളള കുടുംബങ്ങളുടെ ശാക്തീകരണത്തിനായി വിമുക്തി ദർശനും യുവജന മുന്നേറ്റത്തിനായി നവജീവനും വിദ്യാർഥി കൂട്ടായ്മക്കായി ഉണർവ് കാമ്പസ് പരിപാടിയും രൂപതയിലാകമാനം കൂടുതൽ ശക്തമാക്കുന്നതിനുളള പ്രവർത്തനങ്ങൾക്ക് ദിനാചരണത്തിൽ തുടക്കം കുറിക്കും. രാവിലെ ദേവാലയങ്ങളിലെ ദിവ്യബലി മധ്യേ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ ഇടയലേഖനം വായിച്ച് പ്രതിജ്ഞ എടുക്കും.
വൈകുന്നേരം 6.30ന് രൂപതയിലെ എല്ലാ ‘വനങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിമോചന ദീപം തെളിയിച്ച് ലഹരിവിരുദ്ധ പോരാട്ടങ്ങകളിൽ പങ്കാളികളാകും. ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ വൈകുന്നേരം അഞ്ചിന്് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവ്വഹിക്കും. വികാർ ജനറൽ മൊൺ. ബൈജു ജൂലിയാൻ, രൂപതാ മിനിസ്ട്രി കോ ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, ഡയറക്ടർ ഫാ. മിൽട്ടൺ ജോർജ്ജ്, കത്തീഡ്രൽ വികാരി ഫാ. ക്രിസ്റ്റഫർ ഹെൻട്രി എന്നിവർ പങ്കെടുക്കും.
ദിനാചരണത്തിനന്റെ ഭാഗമായി നടത്തുന്ന വിശുദ്ധ കുർബാന, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിവിമോചന ദീപം തെളിയിക്കൽ ലഘുലേഖ വിതരണം, ലഹരിവിരുദ്ധ കുടുംബ കൂട്ടായ്മ, ബോധവൽക്കരണ കലാപരിപാടികൾ എന്നിവയിൽ പങ്കെടുത്ത് ലഹരിവിരുദ്ധ പോരാട്ടങ്ങൾ വിജയിപ്പിക്കണമെന്ന് സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണിയും ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസും അഭ്യർത്ഥിച്ചു.