വെഹിക്കുലര്‍ അണ്ടര്‍പാസ് വേട്ടുതറ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കണം: ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ
1537352
Friday, March 28, 2025 6:25 AM IST
ചവറ: നിയോജകമണ്ഡലത്തിലെ നീണ്ടകരയില്‍ പുതിയതായി അനുവദിച്ച വെഹിക്കുലര്‍ അണ്ടര്‍പാസ്(വിയുപി) വേട്ടുതറ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് സുജിത് വിജയന്‍പിളള എംഎല്‍എ.
നിയമസഭയില്‍ സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇപ്പോള്‍ നിശ്ചയിച്ച വിയുപി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് നീണ്ടകര പാലത്തിന് സമീപം നിലവില്‍ നിര്‍മിച്ചിരിക്കുന്ന സ്മോള്‍ വെഹിക്കുലര്‍ അണ്ടര്‍പാസിനും 20 മീറ്റര്‍ ദൂരമുളള പാലത്തിനും ഇടയിലാണ്.
ദൂരെദിക്കില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ തിരിയേണ്ടത് വേട്ടുതറയിലൂടെയാണ്. സമീപത്തുളള മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികൾ സ്കൂളുകളില്‍ എത്താന്‍ കഴിയാതെ ബുദ്ധിമുട്ടും.
വേട്ടുതറ ജംഗ്ഷനില്‍ വിയു പി നിര്‍മിക്കാമെന്ന് തത്ത്വത്തില്‍ അംഗീകരിച്ച നടപടിയാണ്. അങ്ങനെ അനുവദിച്ച വിയുപി നീണ്ടകര പാലത്തിന് സമീപം നിലവില്‍ നിര്‍മിച്ച എസ്വിയുപിക്കും 20 മീറ്റര്‍ ദൂരത്തിലുളള നീണ്ടകര പാലത്തിനും ഇടയില്‍ അശാസ്ത്രീയമായി സ്ഥാപിക്കാതെ വേട്ടുതറ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് സുജിത് വിജയന്‍പിളള എംഎല്‍എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ഈ വിഷയം പരിഹരിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റിയുടെ റീജണല്‍ ഓഫീസറുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങള്‍ പരിശോധിക്കാമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നല്കി.
കൂടാതെ സമരസമിതി നേതാക്കളായ മത്സ്യഫെഡ് ചെയര്മാന് ടി.മനോഹരന്, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്, സമരസമിതി കണ്‍വീനര്‍ ബാജി സേനാധിപന്, തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍പിളള, സിപിഎം ഏരിയാകമ്മിറ്റി സെക്രട്ടറി ആര്. രവീന്ദ്രന്,
സന്തോഷ് കേളി തുടങ്ങിയവര്‍ സുജിത് വിജയന്‍പിളള എംഎല്‍എയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്, ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് കണ്ട് നിവേദനവും സമര്‍പ്പിച്ചു.