തേവലക്കര: വൈസ്പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി എല്‍ഡിഎഫ്
1537351
Friday, March 28, 2025 6:25 AM IST
ചവറ : കോണ്‍ഗ്രസ് വിമതരുടെയും സ്വതന്ത്രന്റെയും സഹായത്തോടെ എല്‍ഡിഎഫ് അംഗങ്ങള്‍ തേവലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി.
ആര്‍എസ്പി പ്രതിനിധിയായ എസ് .ഷാനവാസിനെതിരേ ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങളും മൂന്ന് കോണ്‍ഗ്രസ് വിമതരും ഒരു സ്വതന്ത്രനും ചേര്‍ന്നാണ് ബ്ലോക്ക് സെക്രട്ടറി പ്രേംശങ്കറിന് മുമ്പാകെ നോട്ടീസ് നല്‍കിയത്. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ നിലവിലെ പ്രസിഡന്റ് എസ്. സിന്ധുവിനെതിരേ യുഡിഎഫ്അംഗങ്ങള് തന്നെ അവിശ്വാസം കൊണ്ടു വന്നിരുന്നു.
ഉടമ്പടി പ്രകാരം അവസാന ഒരു വര്‍ഷം പ്രസിഡന്റ് സ്ഥാനം ആര്‍എസ്പിക്കായിരുന്നു.സിന്ധു രാജി വയ്ക്കാത്തതിനെ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ തന്നെയാണ് പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടു വന്നത്.
അന്ന് സിപിഐ പ്രതിനിധി പിന്തുണച്ചതോടെ അവിശ്വാസം വിജയിക്കുകയും സിന്ധുവിന് പ്രസിഡന്റ്് സ്ഥാനം നഷ്ടമാവുകയും ചെയ്തു.എന്നാല്‍ പിന്നീട് നടന്ന പ്രസിഡന്റ്് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എട്ട് അംഗങ്ങള്‍, രണ്ട് വിമത കോണ്‍ഗ്രസ് അംഗങ്ങള്‍, സ്വതന്ത്രന് എന്നിവരുടെ പിന്തുണയോടെ സിന്ധു തന്നെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് വരികയും ചെയ്തു. അന്നത്തെ തെരഞ്ഞെടുപ്പില്‍ സിപിഐ പ്രതിനിധിയുടെ വോട്ട് അസാധുവാകുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനം പിന്നാക്ക വിഭാഗത്തിനായതിനാല്‍ എല്‍ഡിഎഫിന് പ്രതിനിധി ഇല്ലാത്തതിനാല്‍ എസ്.സിന്ധുവിനെ പിന്തുണക്കുകയായിരുന്നു. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം വിജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനം നഷ്മായത് പോലെ ആര്‍എസ്പിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമാകും. വിമതരും സ്വതന്ത്രനും ഉള്‍പ്പെടെ എല്‍ഡിഎഫിന് 13- പേരുടെ പിന്തുണയുണ്ട്.
യുഡിഎഫിന് പത്ത് അംഗങ്ങളാണ് ഉള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും മത്സരിക്കേണ്ട എന്ന നിലപാടിലാണ് എല്‍ഡിഎഫ് . അങ്ങനെ വന്നാല്‍ ഒരു പക്ഷേ സ്വതന്ത്രന് വൈസ് പ്രസിഡന്റാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സിന്ധുവിനെയും ഇവര്‍ക്കൊപ്പം നിന്ന രണ്ട് കോണ്‍ഗ്രസ് പ്രതിനിധികളായ സ്ഥിരം സമതി അധ്യക്ഷന്മാരെയും ഡിസിസി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.