സമഗ്ര മേഖലയ്ക്കും പ്രാധാന്യം നൽകി ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1536925
Thursday, March 27, 2025 6:10 AM IST
ചവറ : സമഗ്ര മേഖലക്കും പ്രാധാന്യം നൽകി ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.വനിതാ ശിശു വികസനത്തിനും ആരോഗ്യ മേഖലക്കും ഭിന്നശേഷിക്കാരായ വനിതകൾക്കുൾപ്പടെയുളളവർക്കായിട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുകയാണ്. ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന നടപടികൾക്ക് ആക്കം കൂട്ടുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കും പിന്നാക്ക വിഭാഗം,ദാരിദ്ര്യ നിർമാർജനം,സമ്പൂർണ ശുചിത്വ മാലിന്യ സംസ്കരണം,കൃഷി, മൃഗ സംരംക്ഷണവും ക്ഷീരവികസനവും എന്നിവക്ക് തുക മാറ്റിവെച്ചു.
മത്സ്യ മേഖലയിലെ തൊഴിലാളികൾക്ക് കട്ടമരം നൽകുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഹരിത കർമ സേനയുടെ സഹായത്തോടെ സമ്പൂർണ പ്ലാസ്റ്റിക് രഹിത ബ്ലോക്ക് പഞ്ചായത്തായി മാറ്റും. ബ്ലോക്ക് പരിധിയിലെ അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികൾക്കും മടങ്ങി വരുന്ന പ്രവാസികൾക്കും തൊഴിൽ ലഭ്യമാക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കും.
പഞ്ചായത്തുകളിലെ സ്കൂൾ കുട്ടികൾക്ക് കളിക്കുന്നതിനായി അതാത് പഞ്ചായത്തുകളിൽ മൈതാനം നിർമ്മിക്കും.തൊഴിലുറപ്പ് പദ്ധതിയിൽ സാമ്പത്തിക വർഷത്തിൽ 789860-തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 10820-കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിനിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.ഇതിനായി 45- കോടി രൂപ വകയിരുത്തി.
ഗ്രാമീണ റോഡുകളുടെ നിർമാണം ഉറപ്പ് വരുത്തും. കാൻസർ രോഗികളുടെ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി പദ്ധതികൾ ആവിഷികരിക്കും.626208084- രൂപ വരവും 623627913-രൂപ ചെലവും 2580171-രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സോഫിയാ സലാം അവതരിപ്പിച്ചു.
പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷനായി. ഭരണ സമതി അംഗങ്ങൾ, ബിഡിഒ എസ്. പ്രേം ശങ്കർ മറ്റ് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ബജറ്റിൽ പങ്കെടുത്തു.