കരുനാഗപ്പള്ളി നഗരസഭാ ബജറ്റ് : ആരോഗ്യ, സേവന മേഖലയ്ക്ക് മുൻതൂക്കം
1536907
Thursday, March 27, 2025 6:06 AM IST
കരുനാഗപ്പള്ളി : ആരോഗ്യ, സേവനമേഖലകൾക്കും ശുചിത്വത്തിനും പശ്ചാത്തല വികസനത്തിനും സ്ത്രീ സുരക്ഷയ്ക്കും പ്രാധാന്യം നൽകി കരുനാഗപ്പള്ളി നഗരസഭ ബജറ്റ് അവതരിപ്പിച്ചു.48,70,34230 രൂപ വരവും 13,11,74000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൺ ഷഹ്ന നസീമാണ് അവതരിപ്പിച്ചത്.
അതി ദരിദ്രരായ കുടുംബങ്ങൾക്കായി വാസഗൃഹങ്ങൾ, മരുന്ന്, ഭക്ഷ്യ കിറ്റ് തൊഴിൽ സംരംഭം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. മാലിന്യ മുക്ത നഗരം പദ്ധതിയുടെ ഭാഗമായി കേശവപുരം മാലിന്യ പ്ലാന്റിൽ എഫ്എസ്ടിപി പ്ലാന്റ് സ്ഥാപിക്കും. അങ്കണവാടികൾ സ്മാർട്ട് ആക്കൽ, വിദ്യാഭ്യാസം, ടൂറിസം, മൃഗസംരക്ഷണം, വയോജന പരിപാലനം, സ്ത്രീകളുടെയും കുട്ടികളുടെയും സമ്പൂർണ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ എന്നിവയും ബജറ്റ് വിഭാവനം ചെയ്യുന്നു.
അതിദരിദ്ര ലിസ്റ്റിൽപ്പെട്ട വീടില്ലാത്തവർക്ക് വാടക വീട് ഏറ്റെടുത്ത് നൽകുന്നതിന് അഞ്ച് ലക്ഷം രൂപയും ഇവർക്ക് വീടും സ്ഥലവും കണ്ടെത്തുന്നതിനായി 20 ലക്ഷം രൂപയും ഭക്ഷ്യ കിറ്റിനായി 25 ലക്ഷം രൂപയും വകയിരുത്തി.
താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റിനായി കെട്ടിടം നിർമിക്കുന്നതിന് പുറമെ, നാല് കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കും. മുനിസിപ്പൽ ഓഫീസ്, മുനിസിപ്പൽ ഘടക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസുലേറ്റർ എന്നിവ സ്ഥാപിക്കുന്നതിന് നാലുലക്ഷം രൂപ വകയിരുത്തി.
ആധുനിക മുനിസിപ്പൽ ലൈബ്രറിക്ക് 10 ലക്ഷം രൂപയും നഗരസഭ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകൾക്കായി 10 ലക്ഷം രൂപയും വകയിരുത്തി. വിവിധ സ്കൂളുകളിൽ പാർക്കുകൾ നിർമിക്കാൻ 50 ലക്ഷം രൂപയും, സ്റ്റേഡിയം നിർമാണത്തിന് 25 ലക്ഷം രൂപയും വകയിരുത്തി.
അങ്കണവാടികളുടെ പുനരുദ്ധാരണത്തിനും മുഴുവൻ അങ്കണവാടികളും സ്മാർട്ട് ആക്കുന്ന പദ്ധതിക്കുമായി ഒന്നരക്കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. പിഎച്ച് സബ് സെന്ററുകൾക്ക് ഭൂമി വാങ്ങുന്നതിന് 50 ലക്ഷം രൂപയും ഹാപ്പിനസ് പാർക്ക് നിർമാണത്തിന് 20 ലക്ഷം രൂപയും, താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സേവനങ്ങൾക്കായി രണ്ടു കോടി രൂപയും ബജറ്റിൽ മാറ്റിവച്ചു. ഭിന്നശേഷി കുട്ടികൾക്ക് 40 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നടപ്പിലാക്കും. അങ്കണവാടികളിലെ പോഷകാഹാര പദ്ധതിക്കായി 95 ലക്ഷം രൂപ വകയിരുത്തി.
താഴത്തോടുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയും കാർഷിക മേഖലയ്ക്കായി 20 ലക്ഷം രൂപയും സ്കൂളുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിന് 5 ലക്ഷം രൂപയും മാലിന്യ സംസ്കരണത്തിനായി 50 ലക്ഷം രൂപയും ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്.