എല്ലാവർക്കും വീടെന്ന ലക്ഷ്യവുമായി കല്ലുവാതുക്കൽ പഞ്ചായത്ത് ബജറ്റ്
1536894
Thursday, March 27, 2025 5:57 AM IST
ചാത്തന്നൂർ : ഭവനരഹിതർ ഇല്ലാത്ത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യവുമായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്. ഉത്പാദനമേഖലക്ക് പ്രാമുഖ്യം നൽകി സേവന-പശ്ചാത്തല മേഖലകളിൽ വ്യത്യസ്ത പദ്ധതികൾ കോർത്തിണക്കി 83.76 കോടിരൂപ വരവും 82.50 കോടിരൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പി. പ്രതീഷ്കുമാർ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി അധ്യക്ഷയായി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ പോലീസ് - റവന്യൂ അധികൃതരുടെ സഹായത്തോടെ, കടുത്ത നടപടി സ്വീകരിക്കൽ, ബോധവത്കരണം, ഹരിത കർമസേനയുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. എല്ലാവർക്കും വാസയോഗ്യമായ വീട് എന്നത് യാഥാർഥ്യമാക്കാൻ 11 കോടി രൂപയാണ് ബജറ്റിൽ ഉൾ പെടുത്തിയിരിക്കുന്നത്.
ഭവന നിർമാണം ദാരിദ്ര്യ ലഘൂകരണം എന്നിവയ്ക്ക് ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. പാരിപ്പള്ളിയിൽ പുതിയ കമ്യൂണിറ്റി ഹാൾ സമുച്ചയം യാഥാർഥ്യ മാക്കുന്നതിനുള്ള ഫണ്ട്, കാർബൺ ന്യൂട്രൽ തുടങ്ങിയ പദ്ധതികൾക്കും ഊർജസംരക്ഷണത്തിനായി സൗരഗാർഹിക വിളക്കുകളുടെ വിതരണം, തെരുവ് വിളക്കുകൾ എൽഇഡി ലൈറ്റുകളാക്കി മാറ്റാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഓട്ടോറിക്ഷ, പിക്കപ് ഓട്ടോറിക്ഷ എന്നിവയ്ക്ക് സബ്സിഡി നൽകാനും വീടുകളിലെത്തി ജീവിതശൈലീരോഗങ്ങളുടെ പരിശോധന നടത്താൻ മൊബൈൽ യൂണിറ്റ് തുടങ്ങുന്നതിനും സബ്സിഡി, ഗ്രാമോത്സവം, വനിതകളുടെ കലാമേള എന്നിവക്ക് ബജറ്റിൽ തുക വകയിരുത്തിട്ടുണ്ട്.