കുടിപ്പള്ളിക്കൂടം ആശാന്മാരെ തഴഞ്ഞതിൽ പ്രതിഷേധം
1512763
Monday, February 10, 2025 5:45 AM IST
കൊല്ലം: പിഞ്ചുകുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്ന മാതൃഭാഷാ സേവകരായ കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാന്മാർക്ക് ഗ്രാന്റ് വർധിപ്പിക്കാത്ത ബജറ്റിനെതിരെ അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതിമാസം 1000 രൂപയാണ് ഗ്രാന്റായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ആശാന്മാർക്ക് ലഭിക്കുന്നത്. ഒമ്പത് വർഷം മുമ്പാണ് 500 രൂപയിൽ നിന്ന് 1000 രൂപയായി ഗ്രാന്റ് വർധിപ്പിച്ചത്.
ഇത് കാലോചിതമായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്താൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അധ്യക്ഷനായി.
ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി, വൈസ് പ്രസിഡന്റുമാരായ കാവനാട് ഡിഡി. ചന്ദ്രബാബു, എം. പ്രീത, സെക്രട്ടറി ടി. ഗംഗാദേവി, ജോയിന്റ് സെക്രട്ടറി ശ്രീലത സജീവ്, ട്രഷറർ എ. സുനിത, ബിന്ദുറാണി, വി. മാലതി, ഭരണിക്കാവ് സീനത്ത്, ലീലാ വിലാസിനി അമ്മാൾ തുടങ്ങിയവർ പ്രസംഗിച്ചു.